കൊച്ചി: ദിലീപ് ചിത്രം 'ഭ ഭ ബ'യിൽ പൃഥ്വിരാജിനെ പരിഹസിച്ചുകൊണ്ടുള്ള രംഗങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ മല്ലിക സുകുമാരൻ രംഗത്ത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പണ്ട് പൃഥ്വിരാജ് നടത്തിയ പ്രസ്താവനകളെ സിനിമയിൽ പരിഹാസരൂപേണ ഉപയോഗിച്ചതിനെയാണ് മല്ലിക വിമർശിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിനെത്തുടർന്ന് 'അമ്മ' യോഗത്തിന് മുൻപ് പൃഥ്വിരാജ് മാധ്യമങ്ങളോട് നടത്തിയ പ്രതികരണങ്ങളെ ധ്യാൻ ശ്രീനിവാസന്റെ കഥാപാത്രത്തിലൂടെ സിനിമയിൽ പരിഹസിക്കുന്നുണ്ട്.

ഇതിനെക്കുറിച്ച് മല്ലിക സുകുമാരന്റെ പ്രതികരണം ഇങ്ങനെ: "വിവരമുള്ള ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഈ ഡയലോഗ് ഇപ്പോൾ പറയേണ്ട എന്ന് പറയുമായിരുന്നു. നിർമ്മാതാവോ സംവിധായകനോ ആയിരിക്കും ഇത് പറയിപ്പിച്ചത്. സിനിമയ്ക്ക് വലിയ ഗുണമൊന്നുമില്ലെന്ന് ആളുകൾ പറയുന്നുണ്ട്." പൃഥ്വിരാജിന്റെ സിനിമകൾക്കെതിരെ സിനിമാ മേഖലയിൽ ആസൂത്രിത നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് മല്ലിക സുകുമാരൻ ആരോപിച്ചു.

'വിലായത്ത് ബുദ്ധ' എന്ന സിനിമയുടെ പ്രമോഷൻ പരിപാടികൾ അവസാന നിമിഷം വേണ്ടെന്ന് വെച്ചത് ഇതിന്റെ ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടി. പൃഥ്വിരാജിനെതിരെ സംസാരിക്കുന്നവർക്ക് ഭാവിയിൽ തങ്ങൾ പറഞ്ഞത് അബദ്ധമായിപ്പോയി എന്ന് തിരുത്തേണ്ടി വരുമെന്ന് താൻ 100 ശതമാനം വിശ്വസിക്കുന്നുവെന്നും അവർ പറഞ്ഞു. പൃഥ്വിരാജിനെ സംബന്ധിച്ച് ഇത്തരം പരിഹാസങ്ങളൊന്നും ഒരു പ്രശ്നമല്ലെന്നും അവർ കൂട്ടിച്ചേർത്തു. സിനിമയിൽ 53 വർഷമായി നിൽക്കുന്ന ഒരാളെന്ന നിലയിൽ കാര്യങ്ങൾ കൃത്യമായി അറിയാമെന്നും മല്ലിക സുകുമാരൻ അഭിമുഖത്തിൽ പറഞ്ഞു.