ലോക്ഡൗൺ കാലത്ത് 'മല്ലു ഫാമിലി' എന്ന യൂട്യൂബ് ചാനലിലൂടെ മലയാളികളുടെ പ്രിയങ്കരരായി മാറിയ സുജിനും പൊന്നൂസും വീണ്ടും ഒന്നിക്കുന്നു. ഏറെ നാളായി തുടരുന്ന വേർപിരിയലിനും വിവാഹമോചന ചർച്ചകൾക്കും വിരാമമിട്ടുകൊണ്ടാണ് തങ്ങൾ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ച വിവരം ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

ഓട്ടോ ഡ്രൈവറായിരുന്ന സുജിനും പൊന്നൂസും തമ്മിലുള്ള പ്രണയവും, വീട്ടുകാരുടെ എതിർപ്പുകളെ മറികടന്നുള്ള ഇവരുടെ വിവാഹവുമെല്ലാം ആരാധകർക്ക് സുപരിചിതമാണ്. പിതാവ് ഉപേക്ഷിച്ചു പോയ ശേഷം സുജിന്റെ അമ്മ അനുഭവിച്ച കഷ്ടപ്പാടുകളും, ഒരു സാധാരണ കുടുംബം സോഷ്യൽ മീഡിയയിലൂടെ ജീവിത വിജയം നേടിയതും പ്രേക്ഷകർ വലിയ ആവേശത്തോടെയായിരുന്നു കണ്ടിരുന്നത്. ഇടക്കാലത്ത് പഠനം മുടങ്ങിപ്പോയ പൊന്നൂസ്, സുജിന്റെയും കുടുംബത്തിന്റെയും പിന്തുണയോടെ പഠനം പുനരാരംഭിച്ചതും വാർത്തയായിരുന്നു.

കുറച്ചു മാസങ്ങൾക്ക് മുൻപാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് തങ്ങൾ വേർപിരിയുകയാണെന്ന് ഇരുവരും പ്രഖ്യാപിച്ചത്. സുജിനുമായി പിണങ്ങി പൊന്നൂസ് സ്വന്തം വീട്ടിലേക്ക് മാറുകയും, വിവാഹമോചനം എന്നത് തികച്ചും വ്യക്തിപരമായ തീരുമാനമാണെന്ന് സുജിൻ വ്യക്തമാക്കുകയും ചെയ്തിരുന്നു. മനോഹരമായ ഒരു പ്രണയകഥ ഓർമ്മയാകുന്നതിൽ സങ്കടമുണ്ടെന്ന പൊന്നൂസിന്റെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

എന്നാൽ, ഈ വേർപിരിയൽ വെറും 'കണ്ടന്റിന്' വേണ്ടിയാണെന്നും വരുമാനം കൂട്ടാനുള്ള നാടകമാണെന്നും വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നു. സുജിന്റെ അമ്മയാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന തരത്തിലും പ്രചാരണങ്ങളുണ്ടായി. എന്നാൽ ഇതൊന്നും കണ്ടന്റിന് വേണ്ടിയല്ലെന്നും മാനസികമായി തകർന്ന അവസ്ഥയിൽ എടുത്ത തീരുമാനങ്ങളാണെന്നും സുജിൻ അന്ന് പ്രതികരിച്ചിരുന്നു.

കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഇടപെടലിലൂടെയാണ് ഇപ്പോൾ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിരിക്കുന്നത്. പക്വതയില്ലാത്ത പ്രായത്തിൽ എടുത്ത തെറ്റായ തീരുമാനങ്ങളായിരുന്നു വിവാഹമോചന വാർത്തകളിലേക്ക് നയിച്ചതെന്ന് ഇരുവരും ഇപ്പോൾ സമ്മതിക്കുന്നു. മക്കളെയും കുടുംബത്തെയും കരുതി സമാധാനപരമായി സംസാരിച്ചതോടെ എല്ലാ പിണക്കങ്ങളും അവസാനിച്ചു.

സുജിന്റെ സഹോദരി സുജിനയും ഈ സന്തോഷവാർത്ത പങ്കുവെച്ചു. "ഇതൊരു നല്ല തുടക്കമാകട്ടെ" എന്നായിരുന്നു സഹോദരിയുടെ ആശംസ. അമ്മയെക്കുറിച്ച് ഉയർന്ന നെഗറ്റീവ് കമന്റുകൾക്കും ഇരുവരും കൃത്യമായ മറുപടി നൽകി. അമ്മ തന്നെ സ്വന്തം മകളെപ്പോലെയാണ് കണ്ടിട്ടുള്ളതെന്നും അമ്മ കാരണമാണ് പ്രശ്നങ്ങളുണ്ടായതെന്ന വാർത്തകൾ തെറ്റാണെന്നും പൊന്നൂസ് വ്യക്തമാക്കി. മക്കളെ ഓർത്തെങ്കിലും നിങ്ങൾ ഒന്നിക്കണം എന്ന് ആഗ്രഹിച്ച പതിനായിരക്കണക്കിന് ആരാധകർക്ക് വലിയ ആശ്വാസമാണ് ഈ മടങ്ങിവരവ് നൽകുന്നത്.