- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ബാല സാർ എന്നെ ഉപദ്രവിച്ചിട്ടില്ല, പ്രചരിക്കുന്നത് തെറ്റായ വാർത്ത
കൊച്ചി: തമിഴ് സംവിധായകൻ ബാലയെക്കുറിച്ച് തന്റെ പേരിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് പറഞ്ഞ് നടി മമിത ബൈജു. തന്റെ വാക്കുകൾ തെറ്റായി വളച്ചൊടിച്ചു എന്നാണ് മമിത വ്യക്തമാക്കുന്നത്. തമിഴ്ചിത്രം വണങ്കാൻ സിനിമയുമായി ബന്ധപ്പെട്ടാണ് വിവാദം. ചിത്രത്തിനുവേണ്ടി ഒരു വർഷത്തോളം ബാലയ്ക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ടെന്നും തന്നെ മാനസികമായോ ശാരീരികമായോ അദ്ദേഹം ഉപദ്രവിച്ചിട്ടില്ല എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കിയത്. തന്നെ മികച്ച നടിയാക്കാനാണ് ബാല ശ്രമിച്ചതെന്നും കൂട്ടിച്ചേർത്തു.
തമിഴ് സിനിമയുടെ ബന്ധപ്പെടുത്തി എന്റെ പേരിൽ ഓൺലൈനിൽ പ്രചരിക്കുന്ന വാർത്തയിൽ വ്യക്തത വരുത്താൻ ഞാൻ ആഗ്രഹിക്കുകയാണ്. ഒരു സിനിമാ പ്രമോഷനു വേണ്ടി നൽകിയ അഭിമുഖത്തിൽ നിന്നുമൊരു ഭാഗം അടർത്തിയെടുത്ത് തെറ്റായി ക്വോട്ട് ചെയ്താണ് ഈ നിരുത്തരവാദപരമായ തലക്കെട്ട് സൃഷ്ടിച്ചിരിക്കുന്നത്. ആ സിനിമയുടെ പ്രീപ്രൊഡക്ഷനും പ്രൊഡക്ഷനുമൊക്കെയായി ബാല സാറിനൊപ്പം ഒരു വർഷത്തോളം ഞാൻ വർക് ചെയ്തിട്ടുണ്ട്. കൂടുതൽ മികച്ച അഭിനേതാവാകാനായി അദ്ദേഹം എനിക്ക് ഒരുപാട് ഉപദേശങ്ങൾ നൽകി.
എനിക്ക് ഒരു തരത്തിലുമുള്ള മാനസികവും ശാരീരികവുമായ വേദനകളോ മറ്റോ ആ സിനിമയുടെ ചിത്രീകരണത്തിനിടെ അനുഭവിക്കേണ്ടി വന്നിട്ടില്ലെന്ന് എടുത്തു പറയുകയാണ്. മറ്റു പ്രഫഷനൽ കമ്മിറ്റ്‌മെന്റുകൾ മൂലമാണ് ഞാൻ ആ സിനിമയിൽനിന്നു പിന്മാറിയത്. പബ്ലിഷ് ചെയ്യും മുമ്പ് വ്യക്തതയ്ക്കായി എന്നെ ബന്ധപ്പെട്ട മാധ്യമങ്ങളോടു നന്ദി പറയാനും ആഗ്രഹിക്കുകയാണ്. മനസ്സിലാക്കിയതിന് നന്ദി.- മമിത കുറിച്ചു.
പുതിയ ചിത്രം പ്രേമലുവുമായി ബന്ധപ്പെട്ട പ്രമോഷൻ ചടങ്ങിനിടെയാണ് മമിത വണങ്കാൻ സിനിമയിലെ അനുഭവം പങ്കുവച്ചത്. സിനിമയുടെ സെറ്റിൽ ബാല തന്നെ ഒരുപാട് തവണ വഴക്ക് പറഞ്ഞിരുന്നുവെന്ന് പറയുന്ന വിഡിയോ ആണ് വൈറലായത്.