കൊച്ചി: മലയാള സിനിമയുടെ മെഗാ സ്റ്റാറാണ് മമ്മൂട്ടി. ഇതുപോലെ സ്‌റ്റൈലിഷായ നടൻ ഇന്ത്യയിൽ തന്നെ കുറവാണ്. സിനിമ തിരക്കിന് ഇടയിലും തന്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം യാത്ര പോകാൻ സൂപ്പർതാരം എന്നും സമയം കണ്ടെത്താറുണ്ട്. അടുത്തിടെ താരത്തിന്റെ ബുഡാപെസ്റ്റിൽ നിന്നുള്ള ചിത്രങ്ങൾ വൈറലായിരുന്നു. ഇപ്പോൾ ശ്രദ്ധനേടുന്നത് നടനും സംവിധായകനുമായ രമേശ് പിഷാരടി പങ്കുവച്ച പത്രക്കട്ടിങ്ങാണ്.

ഫ്രഞ്ച് പത്രത്തിന്റെ ഫ്രണ്ട് പേജിൽ ഇടംനേടിയിരിക്കുകയാണ് മമ്മൂട്ടിയുടെ ചിത്രം. ഫ്രാൻസിലെ നഗരത്തിലൂടെ നടക്കുന്ന മമ്മൂട്ടിയെയാണ് ചിത്രത്തിൽ കാണുന്നത്. ഭാര്യ സുൽഫത്തും താരത്തിനൊപ്പമുണ്ട്. രസകരമായ കുറിപ്പിനൊപ്പമാണ് പിഷാരടി പത്രത്തിന്റെ ചിത്രം പങ്കുവച്ചത്. ഫ്രഞ്ച് പത്രത്തിന്റെ ഫ്രണ്ട് പേജിൽ ഫ്രണ്ടിനൊപ്പം ഫ്രഞ്ചിലൊരു ഫ്രീക്കൻ- എന്നാണ് പിഷാരടി കുറിച്ചത്.

രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. 71കാരൻ പയ്യൻ എന്നായിരുന്നു ഒരാളുടെ കമന്റ്. പിഷാരടിയെ യാത്രയിൽ കൂടെകൂട്ടിയില്ലേ എന്നും ചോദിക്കുന്നവരുണ്ട്. അടുത്തിടെ അമ്മ യോഗത്തിനെത്തിയ താരത്തിന്റെ ലുക്ക് വൻ വൈറലായിരുന്നു. വൈറ്റ് ഷർട്ടും പാന്റും ധരിച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് താരം എത്തിയത്.