കൊച്ചി: വൈശാഖ് - മമ്മൂട്ടി കൂട്ടുകെട്ടിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ടർബോ. പ്രേക്ഷകർക്ക് ഈ സിനിമയെ കുറിച്ച് വലിയ പ്രതീക്ഷയാണുള്ളത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമുൾപ്പെടെ വൻ താരനിര തന്നെ സിനിമയിലുണ്ട്. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

സിനിമയല്ലാതെ തനിക്ക് വേറെ ഒരു വഴിയും ഇല്ലെന്നും, സിനിമയില്ലെങ്കിൽ തന്റെ ശ്വാസം നിന്നു പോകുമെന്നും പറഞ്ഞിരിക്കുകയാണ് മമ്മൂട്ടിയിപ്പോൾ. ടർബോയുടെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മിഥുൻ മാനുവൽ തോമസിനേയും വൈശാഖിനേയും വിശ്വസിക്കുന്നതിനേക്കാൾ കൂടുതൽ താൻ പ്രേക്ഷകരെ വിശ്വസിച്ചാണിരിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

ഇവരും ഞങ്ങളുമൊക്കെ നിങ്ങളെ വിശ്വസിച്ചിട്ടാണ് വരുന്നത്. കാരണം ഇത് പ്രേക്ഷകർ സ്വീകരിക്കുമെന്നാണ് ഞാനുൾപ്പെടെയുള്ള എല്ലാ സിനിമ പ്രവർത്തകരും വിചാരിക്കുന്നതും, അങ്ങനെയാണ് ഇറങ്ങി തിരിക്കുന്നതും. ചിലരുടെയൊക്കെ ഊഹങ്ങൾ തെറ്റി പോകും, ചിലത് ശരിയാകും. എല്ലാവർക്കും എല്ലാം എപ്പോഴും ശരിയാകില്ല, അത്രയേ ഉള്ളൂ.

ടർബോയിൽ താൻ അവതരിപ്പിക്കുന്ന ജോസ് എന്ന കഥാപാത്രത്തേക്കുറിച്ചും മമ്മൂട്ടി വാചാലനായി. ടർബോയിലെ ജോസ് നാട്ടിൻപുറത്തെ പള്ളിപറമ്പിലൊക്കെ ചെറിയ അടി നടത്തുന്നയാളാ. അങ്ങനെയുള്ള അടിക്കാരനാ. അല്ലാതെ വലിയ ഗുണ്ടയോ റൗഡിയോ മാഫിയ കിങ്ങോ ഒന്നുമല്ല. നാട്ടിൻപുറത്തെ ഒരു ഡ്രൈവറാണ്. അങ്ങനെയുള്ള ഒരാൾ അയാളേക്കാൾ നൂറിരട്ടി ബലമുള്ള ഒരാളുടെ മുൻപിൽ പെട്ടാൽ എന്തായിരിക്കും സ്ഥിതി. അതാണ് ഈ സിനിമ. അതിനകത്തുള്ള അടിയേ ഉള്ളൂ- മമ്മൂട്ടി കൂട്ടിച്ചേർത്തു.

സിനിമയോടുള്ള തന്റെ ഇഷ്ടത്തേക്കുറിച്ചും മമ്മൂട്ടി പങ്കുവച്ചു. എനിക്ക് സിനിമയല്ലാതെ വേറെ ഒരു വഴിയും ഞാൻ കാണുന്നില്ല. സിനിമയില്ലെങ്കിൽ എന്റെ കാര്യം കുഴപ്പത്തിലാകും. എന്റെ ശ്വാസം നിന്നു പോകും- മമ്മൂട്ടി വ്യക്തമാക്കി. മമ്മൂട്ടിക്കമ്പനി നിർമ്മിക്കുന്ന ചിത്രം ഈ മാസം 23 നാണ് തിയറ്ററുകളിലെത്തുക. അഞ്ജന ജയപ്രകാശ്, ബിന്ദു പണിക്കർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.