ചെന്നൈ: വൻ പ്രേക്ഷക അഭിപ്രായത്തോടെ മുന്നേറുകയാണ് രജനീകാന്ത് ചിത്രമായ ജയിലർ. സിനിമയിലെ വില്ലൻ കഥാപാത്രത്തെ വിനായകൻ അവിസ്മരണീയമാക്കി. ഈ സിനിമയിൽ രജനീകാന്തിനോട് കിടപിടിക്കുന്ന ഷോ ആയിരുന്നു വിനായകന്റേത്. ഇതിനിടയിലും ഈ വേഷം മമ്മൂട്ടി ചെയ്തിരുന്നെങ്കിൽ ഉജ്ജ്വലമാകുമായിരുന്നു എന്ന അഭിപ്രായങ്ങളും ഉയർന്നു.

അതിനിടെ ജയിലറിൽ വിനായകൻ ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കാൻ ആദ്യം തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ തന്നെയായിരുന്നെന്ന് വെളിപ്പെടുത്തി നടൻ വസന്ത് രവി. സിനിമയുടെ ചിത്രീകരണത്തിനിടെ രജനീകാന്ത് തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും താരം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ജയിലരിൽ രജനീകാന്തിന്റെ മകന്റെ വേഷം ചെയ്തിരിക്കുന്നത് വസന്ത് ആണ്. 'സിനിമയിൽ വില്ലനാകാൻ ആദ്യം തീരുമാനിച്ചത് മമ്മൂട്ടി സാറിനെ തന്നെയായിരുന്നു. ഇക്കാര്യം ഒരുദിവസം ചിത്രത്തിന്റെ സെറ്റിൽ വെച്ച് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു.

ഈ വേഷം മമ്മൂട്ടി സർ ചെയ്താൽ നന്നായിരിക്കുമെന്ന് സംവിധായകൻ നെൽസണും അഭിപ്രായപ്പെട്ടിരുന്നു. അതേ തുടർന്ന് രജനി സർ മമ്മൂട്ടി സാറിനെ വിളിച്ചു സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് തീരുമാനം മാറ്റുകയായിരുന്നുവെന്നും വസന്ത് പറഞ്ഞു.

അദ്ദേഹം മലയാളത്തിലെ എത്രയോ വലിയ നടനാണ്. മമ്മൂട്ടി സാറിനെ പോലൊരാൾക്ക് യോജിച്ചൊരു വേഷമല്ല ഈ നെഗറ്റിവ് റോൾ എന്ന് തനിക്ക് തോന്നിയെന്നും പിന്നീട് വിളിച്ച് ഇത് വേണ്ടെന്നും നമുക്കൊരുമിച്ച് മറ്റൊരു പടം ചെയ്യാമെന്നും രജനീകാന്ത് മമ്മൂട്ടിയോട് പറഞ്ഞതായും വസന്ത് അറിയിച്ചു. അദ്ദേഹത്തിന്റെ തീരുമാനത്തെ അപ്പോൾ താനും പിന്തുണച്ചുവെന്നും വസന്ത് കൂട്ടിച്ചേർത്തു. അടുത്തിടെ സംവിധായകൻ നെൽസൺ നൽകിയ ഒരു അഭിമുഖത്തിൽ മമ്മൂട്ടിയെ കുറിച്ച് പരാമർശിച്ചിരുന്നു.