കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയുടെ പൊതുവേദികളിലെ പ്രസംഗങ്ങൾ ശ്രദ്ധ നേടാറുണ്ട്. ഒരു ചാനൽ പരിപാടിയിൽ അദ്ദേഹം നടത്തിയ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ തുടർന്ന് പൊതുവേദികളിൽ നിന്ന് വിട്ടുനിന്ന കാലഘട്ടത്തിൽ തനിക്ക് ലഭിച്ച ജനങ്ങളുടെ സ്നേഹത്തെക്കുറിച്ചും പ്രാർത്ഥനകളെക്കുറിച്ചും മമ്മൂട്ടി മനസ്സുതുറന്നു. തന്നെ 'തലക്കനക്കാരൻ', 'അഹങ്കാരി' എന്നൊക്കെ വിളിച്ചവർ പോലും പ്രാർത്ഥിച്ചുവെന്നത് സന്തോഷം നൽകുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മനുഷ്യരുടെ സ്നേഹവും പരിചരണവുമാണ് ഒരു വ്യക്തിയുടെ യഥാർത്ഥ മൂലധനമെന്ന് മമ്മൂട്ടി പ്രസംഗത്തിൽ പറഞ്ഞു. ആരോഗ്യപ്രശ്നങ്ങളുണ്ടായപ്പോൾ പള്ളികളിൽ മെഴുകുതിരി കൊളുത്തിയും, ദുആ ചെയ്തും, ക്ഷേത്രങ്ങളിൽ പോയും പ്രാർത്ഥിക്കാത്ത മലയാളികളില്ലെന്നും അതിൽ തനിക്ക് പൂർണ്ണ ബോധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ അനുഭവം താൻ ലോകത്തിന് മുന്നിൽ തെളിയിച്ചിട്ടുള്ളതാണെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

തനിക്കെതിരെ തലക്കനമുള്ളവനാണ്, അഹങ്കാരിയാണ്, ക്ഷിപ്രകോപിയാണ് എന്നൊക്കെയുള്ള നിരവധി ആരോപണങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ, ഇങ്ങനെയൊക്കെ പറഞ്ഞവരെല്ലാം തനിക്ക് വേണ്ടി പ്രാർത്ഥിച്ചുവെന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് മമ്മൂട്ടി എടുത്തുപറഞ്ഞു. തന്റെ പേരായ 'മമ്മൂട്ടി' എങ്ങനെ വന്നു എന്നതിനെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. മഹാരാജാസ് കോളേജിൽ പഠിക്കുമ്പോൾ മുഹമ്മദ് കുട്ടി എന്ന പേര് തനിക്ക് അപരിഷ്‌കൃതമായി തോന്നിയിരുന്നു.

അന്ന് പരിചയമില്ലാത്തവരോട് 'ഒമർ ഷെരീഫ്' എന്നാണ് പറഞ്ഞിരുന്നത്, 'ഒമറേ' എന്ന് പലരും വിളിക്കുകയും ചെയ്തു. ഒരു ദിവസം കൂട്ടുകാരുമായി നടക്കുമ്പോൾ പോക്കറ്റിൽ നിന്ന് തിരിച്ചറിയൽ കാർഡ് താഴെ വീണു.

കാർഡ് എടുത്ത കൂട്ടുകാരൻ 'ഒമറല്ല, മമ്മൂട്ടി എന്നാണല്ലോ നിന്റെ പേര്' എന്ന് ചോദിച്ചതോടെയാണ് ഈ പേര് സുഹൃത്തുക്കൾക്കിടയിലും പിന്നീട് പൊതുസമൂഹത്തിലും പ്രചരിച്ചതെന്ന് മമ്മൂട്ടി ഓർത്തെടുത്തു. പലരും പേരിട്ടത് തങ്ങളാണെന്ന് അവകാശപ്പെട്ടെങ്കിലും എടവനക്കാട് സ്വദേശിയായ ശശിധരനാണ് തന്റെ ഈ പേരിന് പിന്നിലെന്ന് തനിക്കറിയാമെന്നും, അദ്ദേഹത്തെ നാലാളുടെ മുന്നിൽ പരിചയപ്പെടുത്താൻ വലിയ ആഗ്രഹമുണ്ടായിരുന്നെന്നും മെഗാസ്റ്റാർ കൂട്ടിച്ചേർത്തു.