ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനം ശിശുദിനമായി ആഘോഷിക്കുകയാണ് ഇന്ത്യയിലെ കുരുന്നുകള്‍. പ്രിയങ്കരനായ ചാച്ചാജിയുടെ സ്മരണയില്‍ ശിശുദിനമാഘോഷിക്കുന്ന കുട്ടികള്‍ക്ക് ആശംസകള്‍ നേരുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. കുട്ടികള്‍ക്കൊപ്പമുള്ള സ്പെഷല്‍ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് ശിശുദിനാശംസകള്‍ താരം നേര്‍ന്നത്.

മൂന്ന് കുട്ടികളെ സമീപത്ത് നിര്‍ത്ത് ഫോട്ടോ എടുക്കാനുള്ള ശ്രമത്തിലാണ് മമ്മൂട്ടി. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ച ഈ ചിത്രം നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് ആരാധക ശ്രദ്ധ നേടിയത്. ഇതോടൊപ്പം നിരവധി പേരാണ് ശിശുദിനാംശംസകളുമായി രംഗത്ത് എത്തുന്നത്. അന്നും ഇന്നും ഒരേ ഒരു കുട്ടി, നാലു കുട്ടികള്‍, ഇതിലേതാ കുട്ടി, കുട്ടികളില്‍ കുട്ടിയായി മമ്മൂട്ടി, നാല് കുട്ടി അതിലൊരു കുട്ടി മമ്മുക്കുട്ടി, കുഞ്ഞുങ്ങളുടെ മനസുള്ള ഇമ്മിണി വലിയൊരാള്‍ ഇങ്ങനെ തുടങ്ങിയ രസകരമായ കമന്റുകളും ഫോട്ടോയ്ക്ക് താഴെ വരുന്നുണ്ട്.



നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയും വിനായകനും കേന്ദ്രകഥാപാത്രങ്ങളാവുന്ന ചിത്രമാണിത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. ഈ സിനിമ വിതരണത്തിന് എത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് തിരക്കഥ രചിച്ചത്. സിനിമയുടെ പേര് ഇതുവരെ പുറത്തു വിട്ടിട്ടില്ല.

ഫൈസല്‍ അലി ഛായാഗ്രഹണവും പ്രവീണ്‍ പ്രഭാകര്‍ ചിത്രസംയോജനം നിര്‍വ്വഹിക്കും. ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷാജി നടുവില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോസ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം: അഭിജിത്ത് സി, സ്റ്റില്‍സ്: നിദാദ്, പബ്ലിസിറ്റി ഡിസൈന്‍സ്: ആന്റണി സ്റ്റീഫന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: വിഷ്ണു സുഗതന്‍,ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍: ട്രൂത് ഗ്ലോബല്‍ ഫിലിംസ്.

നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്ക അണിയറിയില്‍ ഒരുങ്ങുന്നുണ്ട്. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ഡൊമനിക് ആന്റ് ദി ലേഡീസ് പേര്‍സിലും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം മമ്മൂട്ടിയും മോഹന്‍ലാലും 11 വര്‍ഷത്തിന് ശേഷം ഒരുമിക്കുന്ന സിനിമയ്ക്കായി മമ്മൂട്ടി 100 ദിവസം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.