കൊച്ചി: 2022ലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു ടൊവിനോ നായകനായ തല്ലുമാല. യൂത്തിനെ ഇളക്കിമറിച്ച ചിത്രം. ഈ സിനിമയ്ക്ക് രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നു എന്നാണ് സൂചനകകൾ. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് കുറച്ച് നാളുകളായി സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ട്. നടൻ ലുക്മാനും ഇതിന്റെ സൂചനകൾ നൽകിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സീക്വൽ സാധ്യത കൂടുതൽ ഉറപ്പിക്കുകയാണ് നിർമ്മാതാവ് ആഷിഖ് ഉസ്മാൻ.

തല്ലുമാലയുടെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഹാഷ് ടാഗ് ഉപയോഗിച്ചാണ് ആഷിഖ് ഉസ്മാൻ സീക്വലിനെക്കുറിച്ച് പറഞ്ഞത്. 'ലോഡിങ് സൂൺ ടിഎം 2' എന്നാണ് ആഷിഖ് ഉസ്മാൻ ഹാഷ് ടാഗ് പങ്കുവെച്ചിരിക്കുന്നത്. ഇതോടെ സിനിമയുടെ രണ്ടാം ഭാഗം എത്തുന്നുവെന്നതിന്റെ ആവേശത്തിലാണ് ആരാധകർ.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 12 ന് റിലീസ് ചെയ്ത ചിത്രം തിയേറ്ററുകളിൽ നിന്ന് നേടിയത് 71 കോടിയിലധികം രൂപയാണ്. ചിത്രത്തിന്റെ രചന മുഹ്‌സിൻ പരാരിയും അഷ്‌റഫ് ഹംസയും ചേർന്നാണ് നിർവഹിച്ചത്. ടൊവിനോ തോമസ് നായകനായ സിനിമയിൽ കല്യാണി പ്രിയദർശൻ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. മണവാളൻ വസീം എന്നാണ് ടൊവിനോയുടെ നായക കഥാപാത്രത്തിന്റെ പേര്. ബീപാത്തു എന്നാണ് കല്യാണിയുടെ കഥാപാത്രത്തിന്റെ പേര്.

ഷൈൻ ടോം ചാക്കോ, ലുക്മാൻ, ചെമ്പൻ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിൻ, അസിം ജമാൽ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുബൈയിലും തലശ്ശേരിയിലും കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത്. ചിത്രം നെറ്റ്ഫ്‌ളിക്‌സിൽ ലഭ്യമാണ്.