- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാലിനെ 'കൊലക്കുറ്റത്തിന്' വിട്ട രാജു; ഈ അലവലാതിയെയാണോ എന്റെ മകൾക്ക് കെട്ടിച്ചു കൊടുക്കേണ്ടത്; മുടങ്ങാൻ പോയത് സ്വന്തം കല്യാണം; വെളിപ്പെടുത്തലുമായി താരം

കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകെട്ടാണ് മോഹൻലാലും മണിയൻപിള്ള രാജുവും. സിനിമാ മോഹവുമായി നടന്ന കാലം മുതലുള്ള ഇവരുടെ സൗഹൃദം വെള്ളിത്തിരയിലും നിരവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട്. എന്നാൽ ഇരുവരും ഒന്നിച്ചഭിനയിച്ച ഒരു ചിത്രം മണിയൻപിള്ള രാജുവിന്റെ വിവാഹം തന്നെ മുടങ്ങുന്ന അവസ്ഥയിൽ എത്തിച്ചിരുന്നു എന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. വൺ ടു ടോക്‌സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ആ രസകരമായ അനുഭവം പങ്കുവെച്ചത്.
1984-ൽ പുറത്തിറങ്ങിയ 'അറിയാത്ത വീഥികൾ' എന്ന ചിത്രത്തിലെ വേഷമാണ് താരത്തിന് വിനയായത്. ചിത്രത്തിൽ മണിയൻപിള്ള രാജുവിന്റെ വീട്ടിലെ ഡ്രൈവറുടെ വേഷമായിരുന്നു മോഹൻലാലിന്. "സിനിമയിൽ ഞാൻ ഒരു സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിക്കുമ്പോൾ തടയാനെത്തുന്ന മോഹൻലാലുമായി അടിപിടിയുണ്ടാകുന്നു. ഇതിനിടയിൽ ആ സ്ത്രീ മരിക്കുകയും കുറ്റം മോഹൻലാലിന്റെ തലയിലാവുകയും ചെയ്യുന്നു. ലാലിനെ കോടതി കൊലക്കുറ്റത്തിന് ശിക്ഷിക്കുന്നതാണ് സിനിമയുടെ കഥ. ഒടുവിൽ മദ്യപാനിയായി മാറുന്ന ഞാൻ അച്ഛനോട് സത്യം തുറന്നു പറയുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്." - രാജു ഓർത്തെടുത്തു.
സിനിമ പുറത്തിറങ്ങിയ സമയത്തായിരുന്നു മണിയൻപിള്ള രാജുവിന്റെ വിവാഹാലോചനകൾ നടന്നിരുന്നത്. സിനിമാ നടന് പെണ്ണ് നൽകില്ലെന്ന വാശിയിലായിരുന്ന പെൺവീട്ടുകാർ, ഒടുവിൽ രാജുവിന്റെ ഒരു സിനിമ കണ്ടിട്ട് തീരുമാനിക്കാം എന്ന് സമ്മതിച്ചു. നിർഭാഗ്യവശാൽ അവർ തിയറ്ററിൽ പോയി കണ്ടത് 'അറിയാത്ത വീഥികൾ' ആയിരുന്നു.
സിനിമ കണ്ടിറങ്ങിയ പെൺകുട്ടിയുടെ അച്ഛൻ രോഷാകുലനായി. "മോഹൻലാലിനെ തൂക്കിക്കൊല്ലാൻ കാരണക്കാരനായ ഈ അലവലാതിയെയാണോ എന്റെ മകൾക്ക് കെട്ടിച്ചു കൊടുക്കേണ്ടത്?" എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഒടുവിൽ ഏറെ പണിപ്പെട്ടും കാര്യങ്ങൾ ബോധ്യപ്പെടുത്തിയുമാണ് വിവാഹം നടന്നതെന്ന് ചിരിയോടെ മണിയൻപിള്ള രാജു പറഞ്ഞു.


