കൊച്ചി: നടി മഞ്ജു പിള്ളയും ഛായാഗ്രാഹകൻ സുജിത് വാസുദേവും തമ്മിൽ വേർപിരിഞ്ഞു. ഇരുവരും വേർപിരിഞ്ഞതായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ ഇരുവരും പ്രതികരിച്ചിരുന്നില്ല. തങ്ങൾ വേർപിരിഞ്ഞതായി ഒരു അഭിമുഖത്തിൽ സുജിത് വാസുദേവാണ് ഇപ്പോൾ പ്രതികരണം നടത്തിയിരിക്കുന്നത്.

"2020 മുതൽ മഞ്ജുവുമായി അകന്നു കഴിയുകയാണ്, അടുത്തിടെ ഡിവോഴ്സ് നടപടികൾ പൂർത്തിയായി. മഞ്ജു ഇപ്പോഴും വളരെ അടുത്ത സുഹൃത്താണെന്നും ജോലി സംബന്ധമായ കാര്യങ്ങൾ ചർച്ചചെയ്യാറുണ്ടെന്നും" സുജിത് പറയുന്നു. മഞ്ജു പിള്ളയുടെ അടുത്ത കാലത്തെ സിനിമയായ ഹോം, ഫാലിമി എന്നിവയ്ക്ക് ലഭിച്ച പ്രശംസയെ കുറിച്ചും അതിനുശേഷമുള്ള നടിയുടെ ഉയർച്ചയെ കുറിച്ചുമുള്ള ചോദ്യത്തിനാണ് സുജിത്ത് വ്യക്തിജീവിതത്തെക്കുറിച്ച് മറുപടി നൽകിയത്.

"മഞ്ജുവിന്റെ കരിയർ നല്ല രീതിയിൽ പോവുകയാണ്. വളരെ അടുത്ത സുഹൃത്ത് വലിയ നിലയിലേക്ക് പോകുന്നത് കാണുമ്പോൾ ഉള്ള സന്തോഷം വളരെ വലുതാണ്" സുജിത്ത് പറഞ്ഞു. ലൂസിഫർ, എമ്പുരാൻ തുടങ്ങിയ സിനിമകളുടെ അടക്കം ഛായാഗ്രഹകനാണ് സുജിത്ത്. ഇരുവർക്കും ദയ എന്നൊരു മകളുമുണ്ട്.

കഴിഞ്ഞ കുറച്ച് നാളുകളായി മഞ്ജുവും സുജിത്തും ഫോട്ടോയിലും വീഡിയോയിലുമൊന്നും ഒരുമിച്ച് പ്രത്യക്ഷപ്പെടാറുണ്ടായിരുന്നില്ല. അടുത്തിടെ മഞ്ജു പിള്ള പുതിയ ഫ്ലാറ്റ് വാങ്ങുകയും ആഘോഷമായി പാലുകാച്ചൽ ചടങ്ങ് നടത്തുകയും ചെയ്തിരുന്നു. ചടങ്ങിന്റെ വീഡിയോ പുറത്ത് വന്നപ്പോൾ സുജിത്തിന്റെ സാന്നിധ്യം കാണാതിരുന്നതിനാലും വീടിനുള്ളിൽ എവിടെയും സുജിത്തിന്റെ ഒരു ഫോട്ടോ പോലും ഇല്ലാതിരുന്നതിനാലും ആരാധകർ മഞ്ജു പിള്ളയോട് കമന്റിലൂടെ സുജിത്തിനെ കുറിച്ച് ചോദിച്ചിരുന്നു.