- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇവൾ ആരാ, കറുമ്പി, തുണിയില്ല, ശരീരം കാണിക്കുന്നു'; മോഡലിംഗ് ചിത്രങ്ങളുടെ പേരിൽ നേരിടേണ്ടി വരുന്നത് കടുത്ത സൈബർ ആക്രമണം; വെളിപ്പെടുത്തലുമായി മഞ്ജു പിള്ളയുടെ മകൾ ദയ
കൊച്ചി: മോഡലിംഗ് ചിത്രങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണവും ബലാത്സംഗ ഭീഷണിയും നേരിടുന്നുണ്ടെന്ന് വെളിപ്പെടുത്തി നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്. വസ്ത്രധാരണത്തിന്റെ പേരിലും നിറത്തിന്റെ പേരിലുമാണ് തനിക്ക് നിരന്തരം അധിക്ഷേപങ്ങൾ നേരിടേണ്ടി വരുന്നതെന്നും 'ഇങ്ങനെ വസ്ത്രം ധരിക്കുന്ന നിന്നെ ബലാത്സംഗം ചെയ്യണം' എന്ന് ഒരു സ്ത്രീ സന്ദേശമയച്ചുവെന്നും ദയ തുറന്നുപറഞ്ഞു.
വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദയ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ പങ്കുവെച്ചത്. ഇത്തരത്തിൽ ഭീഷണി സന്ദേശമയച്ച സ്ത്രീയുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ പരിശോധിച്ചപ്പോൾ കണ്ടത് കുഞ്ഞിനെയുമെടുത്ത് നിൽക്കുന്ന ചിത്രവും ബയോയിൽ ബൈബിൾ വചനവുമാണെന്ന് ദയ പറയുന്നു. 'വിശ്വാസിയും ഒരു കുട്ടിയുടെ അമ്മയുമായ ഒരാൾക്ക് എങ്ങനെയാണ് ഇത്ര ക്രൂരമായ ഒരു സന്ദേശം അയക്കാൻ കഴിയുന്നതെന്ന് എനിക്ക് മനസ്സിലായില്ല,' ദയ കൂട്ടിച്ചേർത്തു.
ഒരു മോഡൽ എന്ന നിലയിൽ ഡിസൈനർമാർ നൽകുന്ന വസ്ത്രം ധരിക്കുക എന്നത് തന്റെ ജോലിയുടെ ഭാഗമാണെന്നും എന്നാൽ 'തുണിയില്ല, ശരീരം കാണിക്കുന്നു' തുടങ്ങിയ അധിക്ഷേപങ്ങളാണ് ഇതിന് ലഭിക്കുന്നതെന്നും ദയ വ്യക്തമാക്കി. 'ഇവൾ ആരാ, കറുമ്പി, മഞ്ജു പിള്ള മകളെ ഇങ്ങനെയാണോ വളർത്തുന്നത്' എന്നിങ്ങനെയുള്ള അധിക്ഷേപ കമന്റുകളും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അവർ പറഞ്ഞു.
സൈബർ ആക്രമണങ്ങളിൽ ഭൂരിഭാഗവും അമ്മ മഞ്ജു പിള്ളയെ ലക്ഷ്യം വെച്ചുള്ളതാണെന്നും ദയ ചൂണ്ടിക്കാട്ടുന്നു. 'അധിക്ഷേപങ്ങൾ എപ്പോഴും മഞ്ജു പിള്ളയുടെ മകൾ എന്ന നിലയിലാണ്. അച്ഛൻ സുജിത് വാസുദേവ് പുരുഷനായതുകൊണ്ട് അദ്ദേഹത്തെ ആരും കുറ്റപ്പെടുത്തില്ല. എന്നാൽ സ്ത്രീയായ അമ്മയെയാണ് എല്ലാവരും ലക്ഷ്യം വെക്കുന്നത്,' ദയ പറഞ്ഞു. മാതാപിതാക്കളുടെ മകളായി ജനിച്ചത് താൻ ആവശ്യപ്പെട്ടതല്ലെന്നും എന്നാൽ ആ പദവി നൽകുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി.