- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നേട്ടത്തിൽ അഭിമാനം, പുരസ്കാരം തികച്ചും അർഹതപ്പെട്ടത്'; മലയാളികൾക്ക് അഭിമാനമായി ചേർത്തുനിർത്താൻ കഴിയുന്ന വ്യക്തിത്വമാണ് മോഹൻലാലെന്നും മഞ്ജു വാര്യർ
തിരുവനന്തപുരം: ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിന് അഭിനന്ദനങ്ങളുമായി നടി മഞ്ജു വാര്യർ. മോഹൻലാലിന്റെ നേട്ടത്തിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് താരം പ്രതികരിച്ചു. മലയാളികൾക്ക് അഭിമാനമായി എന്നും ചേർത്തുനിർത്താൻ കഴിയുന്ന വ്യക്തിത്വമാണ് മോഹൻലാലെന്നും, ഈ പുരസ്കാരം തികച്ചും അർഹതപ്പെട്ടതാണെന്നും മഞ്ജു വാര്യർ കൂട്ടിച്ചേർത്തു. സിനിമയെ സ്നേഹിക്കുന്ന ഏതൊരു മലയാളിയെയും പോലെ താനും സന്തോഷവതിയാണെന്ന് അവർ വ്യക്തമാക്കി.
ഇന്ത്യൻ സിനിമയിലെ ഇതിഹാസതുല്യനായ മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിലുള്ള സന്തോഷം ബോളിവുഡ് നടൻ അമിതാഭ് ബച്ചനും പങ്കുവെച്ചിരുന്നു. മോഹൻലാൽ ജിക്ക് ലഭിച്ച അംഗീകാരത്തിൽ അതിയായ സന്തോഷമുണ്ടെന്നും, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയും കരകൗശലത്തെയും താൻ ആരാധകനാണെന്നും ബച്ചൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഏറ്റവും പ്രകടമായ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിലെ ലാളിത്യം പ്രശംസനീയമാണെന്നും, അദ്ദേഹത്തിന്റെ കഴിവുകൾ തങ്ങൾക്കെല്ലാം ഒരു പാഠമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന് ലഭിച്ചെന്ന വാർത്ത പുറത്തുവന്നത്. വിവിധ കോണുകളിൽ നിന്നും അദ്ദേഹത്തിന് അഭിനന്ദന പ്രവാഹമെത്തി. 2025 സെപ്തംബർ 23ന് നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും. മലയാളത്തിന് ലഭിക്കുന്ന രണ്ടാമത്തെ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരമാണിത്. 2004ൽ അടൂർ ഗോപാലകൃഷ്ണനാണ് ഈ പുരസ്കാരം ആദ്യമായി മലയാളത്തിൽ നേടിയത്. 2019ൽ രജനികാന്തിനും പുരസ്കാരം ലഭിച്ചിരുന്നു. തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമായാത്രയാണ് മോഹൻലാലിന്റേതെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പ്രസ്താവനയിൽ വിശേഷിപ്പിച്ചു.