കൊച്ചി: ബോക്‌സോഫീസിൽ തരംഗമായി മഞ്ഞുമ്മൽ ബോയ്‌സ് സിനിമ. മലയാളം സിനിമയിലെ ഏറ്റവും വലിയ പണം വാരിയ ചിത്രമായി മാറുകയാണ് മഞ്ഞുമ്മൽ ബോയ്‌സ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018നേയും മറികടന്നാണ് ചിത്രം ഇൻഡസ്ട്രി ഹിറ്റായത്. മഞ്ഞുമ്മൽ ബോയ്‌സിന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് സന്തോഷ വാർത്ത പങ്കുവച്ചത്. പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ്.

മഞ്ഞുമ്മലിന്റെ കളക്ഷൻ ഇതിനോടകം 176 കോടിയിൽ എത്തിയിരിക്കുകയാണ്. 175.50 കോടിയായിരുന്നു 2018ന്റെ ആഗോള കളക്ഷൻ. റിലീസ് ചെയ്ത് 21ാം ദിവസത്തിലാണ് മഞ്ഞുമ്മൽ ബോയ്‌സ് റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. കേരളത്തിന് പുറമേ തമിഴ്‌നാട്ടിലും ചിത്രം സൂപ്പർഹിറ്റായതാണ് വമ്പൻ കളക്ഷൻ നേടാൻ കാരണമായത്.

ചിദംബരം സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 22നാണ് റിലീസ് ചെയ്തത്. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തിൽ നിന്നു മാത്രം 50 കോടി കലക്ഷൻ ചിത്രം നേടിയിരുന്നു. തമിഴ്‌നാട്ടിൽ നിന്നും 40 കോടിയാണ് സിനിമ വാരിയത്. തകർണാടകയിൽ നിന്നും ചിത്രം എട്ട് കോടി കളക്റ്റ് ചെയ്തു.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.