ചെന്നൈ: മലയാള ചിത്രം ' മഞ്ഞുമ്മൽ ബോയ്സി' നെ പ്രശംസിച്ച് തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജ്. 'മഞ്ഞുമ്മൽ ബോയ്സ്' കണ്ടു ഗംഭീരം, ഈ മാസ്റ്റർപീസ് ഒരിക്കലും മിസ് ചെയ്യരുതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. വളരെ മികച്ച രീതിയിലാണ് സിനിമ എടുത്തുവെച്ചിരിക്കുന്നതെന്നും തിയേറ്ററിൽ ആസ്വദിക്കേണ്ട ചിത്രമാണെന്നും കാർത്തിക് ട്വിറ്ററിൽ പങ്കുെവച്ച കുറിപ്പിൽ പറയുന്നു.

ഇന്നലെയാണ് സംവിധായകൻ ചിദംബരം കാർത്തിക് സുബ്ബരാജിനൊപ്പം ചിത്രം കണ്ടത്. സിനിമ അവസാനിച്ചതിന് ശേഷം കാർത്തിക് ചിദംബരത്തെ കെട്ടിപിടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രത്തിന്റെ എഡിറ്റർ കൂടിയായ വിവേക് ഹർഷൻ തിയേറ്ററിൽ ഇവർക്കൊപ്പം ഉണ്ടായിരുന്നു.

നേരത്തെ സിനിമയുടെ അണിയറപ്രവർത്തകരുമായി കമൽഹാസനും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിൽ മാത്രമല്ല തമിഴ്‌നാട്ടിലും തരംഗം തീർക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. മികച്ച പ്രതികരണമാണ് തമിഴ്‌നാട്ടിൽ ചിത്രത്തിന് ലഭിക്കുന്നത്.

തമിഴ് നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രം 2018 നെ പിന്നിലാക്കി ആ റെക്കോർഡ് മഞ്ഞുമ്മൽ ബോയ്‌സ് സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് കോടി രൂപയിലധികമാണ് ചിത്രം തമിഴ് നാട്ടിൽ സ്വന്തമാക്കിയത്. 'ജാൻ എ മൻ' എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്.

ചിദംബരം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.