- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഭാഷ അല്ല കലയാണ് പ്രധാനം'; മഞ്ഞുമ്മൽ ബോയ്‌സിനെ പ്രശംസിച്ച് വെങ്കട് പ്രഭു
ചെന്നൈ: മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രം റിലീസിന് പിന്നാലെ എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് നേടുന്നത്. 'ജാൻ എ മൻ' എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ മഞ്ഞുമ്മൽ ബോയ്‌സിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സംവിധായകൻ വെങ്കട് പ്രഭു.
മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമയെ എല്ലാവരും ആഘോഷിക്കുന്നതിൽ അഭിമാനം തോന്നുന്നുവെന്നും ഭാഷ അല്ല കലയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ഒരു പൊതുപരിപാടിയിൽ ആയിരുന്നു വെങ്കട് പ്രഭുവിന്റെ പ്രതികരണം.
'ഇപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമയെ എല്ലാവരും ആഘോഷമാക്കുകയാണ്. അതിൽ അഭിമാനം. പൊതുവെ സൂപ്പർ താര ചിത്രങ്ങൾ മാത്രം ചെയ്തുകൊണ്ടിരിക്കുന്ന ഈ വേളയിൽ ഒരു നടി പോലും ഇല്ലാതെ, ഒരു കൂട്ടം യുവ നടന്മാരെ വച്ച് സിനിമ ചെയ്യുക എന്നത് വളരെ വലിയ കാര്യമാണ്. അതും നമ്മുടെ നാട്ടിൽ തമിഴ് സിനിമകളെക്കാൾ വലിയ രീതിയിൽ ഓടുകയും ചെയ്യുന്നു. ഭാഷ അല്ല പ്രധാനം, കലയാണ് പ്രധാനം എന്ന് കാണിച്ചു കൊടുക്കുകയാണ് ഇതിലൂടെ', വെങ്കട് പ്രഭു പറഞ്ഞു.
നല്ല സിനിമ ആണെങ്കിൽ ഏത് ഭാഷയാണെങ്കിലും പ്രേക്ഷകർ ഏറ്റെടുക്കുമെന്നതിന്റെ ഉദാഹരണമാണ് 'മഞ്ഞുമ്മൽ ബോയ്‌സ്'. ഇതുവരെ ഒരു മലയാള സിനിമയ്ക്കും തമിഴകത്ത് ലഭിക്കാത്ത കളക്ഷൻ നേടുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തലുകൾ. ചിത്രം തമിഴ്‌നാട്ടിൽ നിന്ന് മാത്രം 15 കോടിയിലധികം രൂപ കളക്റ്റ് ചെയ്തു കഴിഞ്ഞു. 11 ദിവസം കൊണ്ടാണ് സിനിമ ഈ തുക തമിഴ്‌നാട്ടിൽ നിന്ന് നേടിയത്.