കൊച്ചി: ബോക്‌സോഫീസിൽ അത്ഭുതം സൃഷ്ടിക്കുകയാണ് മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമ. തമിഴ്‌നാട്ടിലും കർണാടകയിലും എന്തിനേറെ നോർത്ത് അമേരിക്കയിൽ പോലും പല റെക്കോർഡുകളും തകത്താണ് സിനിമ മുന്നേറുന്നത്. ഇപ്പോഴിതാ ചിത്രം ആഗോളതലത്തിൽ മറ്റൊരു റെക്കോർഡ് കൂടി പൊളിച്ചെഴുതിയിരിക്കുകയാണ്.

റിലീസ് ചെയ്ത് 17 ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോളതലത്തിൽ 146 കോടിയാണ് സിനിമയുടെ കളക്ഷൻ. ഇതോടെ ആഗോളതലത്തിൽ ഏറ്റവും അധികം കളക്ഷൻ നേടുന്ന മലയാളം സിനിമകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്‌സ്. പുലിമുരുകനായിരുന്നു പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്നത്. പുലിമുരുകന്റെ കളക്ഷൻ മറികടന്നാണ് മഞ്ഞുമ്മൽ ബോയ്‌സ് രണ്ടാം സ്ഥാനത്തെത്തിയത്. നിലവിൽ 2018 എന്ന സിനിമയാണ് പട്ടികയിൽ ഒന്നാമത്.

ആഗോളതലത്തിലെ റെക്കോർഡിനൊപ്പം മഞ്ഞുമ്മൽ ബോയ്‌സ് കേരളത്തിൽ മാത്രമായി ചിത്രം 50 കോടിയിലധികം രൂപയാണ് നേടി കഴിഞ്ഞു. ഈ നേട്ടം കൈവരിക്കുന്ന പത്താമത്തെ സിനിമയാണിത്. പുലിമുരുകൻ, ബാഹുബലി 2, ലൂസിഫർ, കെജിഎഫ് 2, 2018, ജയിലർ, ആർഡിഎക്‌സ്, ലിയോ,പ്രേമലു എന്നീ സിനിമകളാണ് ഇതിന് മുന്നേ കേരളത്തിൽ നിന്ന് മാത്രം 50 കോടിയിലധികം രൂപ കളക്റ്റ് ചെയ്തിട്ടുള്ളത്.

തമിഴ്‌നാട്ടിലും സിനിമയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. 17 ദിവസം കൊണ്ട് 33 കോടിയാണ് സിനിമയുടെ തമിഴ്‌നാട് കളക്ഷൻ. തൃച്ചിയിൽ മാത്രം ഒരു കോടിയിലധികം രൂപ സിനിമ നേടി കഴിഞ്ഞു. സിനിമയുടെ ജൈത്രയാത്ര ഇതുപോലെ തുടരുകയാണെങ്കിൽ അടുത്ത ദിവസങ്ങളിൽ തന്നെ ആഗോള തലത്തിൽ 200 കോടി ക്ലബിൽ ഇടം നേടുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.