- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്നേഹത്തിന് നന്ദി, മാര്‍ക്കോയെയും സൈറസിനെയും ഇഷ്ടപ്പെട്ടതിന് നന്ദി'; ജനപ്രീതി നേടി 'മാര്‍ക്കോ'യിലെ വില്ലന്‍; പ്രേക്ഷകരോട് നന്ദി പറഞ്ഞ് കബീര്‍ ദുഹാന്‍ സിംഗ്
കൊച്ചി: വമ്പൻ ഹൈപ്പോടെ തീയേറ്ററുകളിലെത്തി പ്രേക്ഷകപ്രീതി പിടിച്ചു പറ്റി മുന്നേറുകയാണ് ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ'. മലയാളത്തിലെ മോസ്റ്റ് വയലന്റ് ഫിലിം എന്ന ലേബലിനോട് നൂറ് ശതമാനം കൂറ് പുലർത്തുന്നതാണ് ചിത്രമെന്നാണ് റിപ്പോർട്ടുകൾ. ഹനീഫ് അദേനിയാണ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് തീയേറ്ററുകളിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന മാർക്കോ മലയാളത്തില്‍ ഇന്നുവരെ പുറത്തിറങ്ങിയതില്‍വെച്ച് ഏറ്റവും വയലന്‍സ് ഉള്ള ചിത്രമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
ഉണ്ണി മുകുന്ദനെ കൂടാതെ ചിത്രത്തിലെ വില്ലന്മാരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ താന്‍ അവതരിപ്പിച്ച കഥാപാത്രത്തെ സ്വീകരിച്ചതിന് നന്ദി പറയുകയാണ് നടന് കബീര്‍ ദുഹാന്‍ സിംഗ്. "ഈ സ്നേഹത്തിന് നന്ദി. മാര്‍ക്കോയെ ഇഷ്ടപ്പെട്ടതിന് നന്ദി. സൈറസിനെ ഇഷ്ടപ്പെട്ടതിന് നന്ദി", കബീര്‍ ദുഹാന്‍ സിംഗ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ബഹുഭാഷകളില്‍ അഭിനയിച്ചിട്ടുള്ള കബീറിന്റെ മലയാളത്തിലെ മൂന്നാമത്തെ ചിത്രമാണ് മാര്‍ക്കോ.
മമ്മൂട്ടിയുടെ 'ടർബോ' എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ മലയാളത്തിലെ അരങ്ങേറ്റം. മമ്മൂട്ടിയുടെ പ്രതിനായകരിൽ ഒരാളായെത്തി കയ്യടി നേടിയതോടെ താരത്തെ തേടി മലയാളത്തിൽ നിന്നും വീണ്ടും അവസരങ്ങളെത്തി. പിന്നീട് ടൊവിനോ ചിത്രം എആര്‍എമ്മിലും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. മാര്‍ക്കോയില്‍ ജഗദീഷ് അവതരിപ്പിച്ചിരിക്കുന്ന ടോണി ഐസക്കിന്റെ ദത്തുപുത്രനാണ് കബീര്‍ അവതരിപ്പിച്ചിരിക്കുന്ന സൈറസ് ഐസക്.
അതേസമയം, ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ. ആദ്യ ദിനത്തിൽ 10 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ എന്നാണ് റിപ്പോർട്ടുകൾ. ഉണ്ണി മുകുന്ദന്റെ കരിയര്‍ ബെസ്റ്റ് ഓപ്പണിംഗ് ആണ് ഇത്. ആക്ഷന്‍ വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിൽ ഏഴ് സംഘട്ടന രംഗങ്ങളാണുള്ളത്. കരിയറിലെ ഏറ്റവും വ്യത്യസ്ഥമായ കഥാപാത്രമാണ് ജഗദീഷ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.
ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ആണ് മാർക്കോ നിർമിക്കുന്നത്. കെജിഎഫ്, സലാര്‍ അടക്കമുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകന് രവി ബസ്റൂര് ആണ് മാര്‍ക്കോയിലെയും ഈണങ്ങള്‍ ഒരുക്കുന്നത്. സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ് തുടങ്ങി നിരവധി താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.