ചെന്നൈ: തമിഴ് നടനും സംവിധായകനുമായ മാരി മുത്തുവിന്റെ മരണ വാർത്ത സിനിമാലോകത്തെ ഞെട്ടിച്ചിരുന്നു. എതിർനീച്ചൽ എന്ന സീരിയലിന് ഡബ്ബ് ചെയ്യുന്നതിന് ഇടയിലാണ് അദ്ദേഹം കുഴഞ്ഞു വീണത്. ഹാർട്ട് അറ്റാക്ക് ആയിരുന്നു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അതിന് മുൻപേ മരണപ്പെട്ടിരുന്നു.

മുപ്പത്തിയേഴ് വർഷമായി അഭിനയ ലോകത്ത് സജീവമാണ് മാരിമുത്തു. എന്നാൽ തനിക്ക് എതിർനീച്ചൽ എന്ന സീരിയലിൽ അഭിനയിച്ചതിന് ശേഷമാണ് ശ്രദ്ധ കിട്ടിയത് എന്നാണ് അദ്ദേഹം പറഞ്ഞത്. അതിൽ കുടുംബത്തിന് ഒരുപാട് സന്തോഷമുള്ളതായും അഭിമുഖത്തിൽ മാരിമുത്തു പറഞ്ഞിരുന്നു. എതിർനീച്ചൽ എന്ന സീരിയലിനെ തുടർന്നാണ് രജിനികാന്തിന്റെ ജയിലർ സിനിമയിലും നല്ല ഒരു വേഷം കിട്ടിയത്. അതിന് ശേഷം എതിർനീച്ചൽ മാരിമുത്തു എന്നാണ് നടൻ അറിയപ്പെട്ടതുപോലും.

ഇതേ സീരിയലിന് ഡബ്ബ് ചെയ്യുന്നതിനിടയിലായിരുന്നു മാരിമുത്തുവിന്റെ മരണവും. സീരിയലിൽ നെഞ്ചിൽ കൈ വച്ച്, 'എനിക്കെന്തോ ആപത്ത് വരുന്നത് പോലെ തോന്നുന്നു. എന്തോ സംഭവിക്കും എന്ന ഭയം പോലെ' എന്ന ഡയലോഗ് പറഞ്ഞുകൊണ്ടിരിക്കെയാണ് യഥാർത്ഥത്തിലും അത് സംഭവിച്ചത്. മരിക്കുന്നതിന് തൊട്ടുമുൻപ് മാരിമുത്തു പറഞ്ഞ ആ ഡയലോഗ് സീരിയൽ ടീം പുറത്തുവിട്ടു

'നെഞ്ച് വല്ലാതെ വേദനിക്കുന്നു. മനസ്സിന്റെ വേദനയാണോ, ശരീരത്തിന്റെ വേദനയാണോ എന്നറിയില്ല. എന്തോ ആപത്തിന്റെ സൂചന നെഞ്ചുവേദനയിലൂടെ കാണിക്കുകയാണെന്ന് തോന്നുന്നു. എനിക്ക് വല്ലാതെ നെഞ്ചു വേദനിക്കുന്നു. ഞാൻ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നത് പോലെയുണ്ടോ. എനിക്കും അങ്ങനെ തോന്നുന്നു' എന്നാണ് മാരിമുത്തു പറയുന്ന ആ അറംപറ്റിയ ഡയലോഗ്.

തമിഴിന് പുറമെ ഒരു ഫ്രെഞ്ച് സിനിമയിലും, ഒരു ഹിന്ദി സിനിമയിലും, ഒരു മലയാള സിനിമയിലും മാരിമുത്തു അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ഷൈലോക്ക് എന്ന ചിത്രത്തിൽ ചിത്തപ്പൻ എന്ന റോൾ ശ്രദ്ധേയമായിരുന്നു. കമൽ ഹസന്റെ ഇന്ത്യൻ ടു എന്ന പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയാണ് മാരിമുത്തു പോയത്.