കൊച്ചി: ബാലതാരമായി സിനിമയിലെത്തി മീന ഇപ്പോഴും തെന്നിന്ത്യയിൽ സജീവമായി തുടരുന്ന സൂപ്പർ താരമാണ്. ഇപ്പോഴിതാ 'ബ്രോ ഡാഡി' സിനിമയിൽ പൃഥ്വിരാജിന്റെ അമ്മവേഷം ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ച് അവർ തുറന്നുപറഞ്ഞിരിക്കുകയാണ്. പല സൂപ്പർതാര ചിത്രങ്ങളിലും നായികയാകാനുള്ള അവസരങ്ങൾ നഷ്ടപ്പെട്ടെന്ന് മീന വെളിപ്പെടുത്തി. മോഹൻലാൽ-മമ്മൂട്ടി കൂട്ടുകെട്ടിലെത്തിയ 'ഹരികൃഷ്ണൻസ്', 'തേവർമകൻ', 'പടയപ്പ' തുടങ്ങിയ ചിത്രങ്ങൾ അഭിനയിക്കാൻ സാധിക്കാതെ പോയവയിൽ ഉൾപ്പെടുന്നു.

ഈ സിനിമകൾ വലിയ വിജയങ്ങളായി മാറിയപ്പോൾ അവയിൽ അഭിനയിക്കാൻ കഴിയാതെ പോയതിൽ ദുഃഖമുണ്ടായെന്നും എന്നാൽ യാഥാർത്ഥ്യം ഉൾക്കൊണ്ടെന്നും നടി പറഞ്ഞു. 'ബ്രോ ഡാഡി'യിൽ പൃഥ്വിരാജ് തന്റെ മകന്റെ വേഷം ചെയ്യുന്നുവെന്ന് അറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്ന് മീന പറഞ്ഞു. നിർമാതാവ് ആന്റണി പെരുമ്പാവൂരിനോട് എന്തു പറയണമെന്ന് പോലും തനിക്ക് അറിയാമായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ, സിനിമ കണ്ട ശേഷം ആരും ആ വേഷം ചെയ്തതിനെക്കുറിച്ച് ചോദ്യം ചെയ്തിട്ടില്ലെന്നും, ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും അത്രയ്ക്ക് പൂർണ്ണതയുള്ളതായിരുന്നുവെന്നും മീന വ്യക്തമാക്കി.

അതുപോലെ ഒരു സാഹചര്യമായിരുന്നില്ലെങ്കിൽ താൻ ആ വേഷം ചെയ്യില്ലായിരുന്നുവെന്നും നോ പറയാൻ സാധിക്കാത്ത അവസ്ഥയായിരുന്നുവെന്നും അവർ പറഞ്ഞു. പൃഥ്വിരാജിനെ പ്രശംസിക്കാനും മീന മറന്നില്ല. സ്വന്തം ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യക്തിയാണ് പൃഥ്വിരാജ്. സമയം പാഴാക്കാത്ത അദ്ദേഹത്തിന്റെ ഈ സ്വഭാവമാണ് നല്ലൊരു നടനും സംവിധായകനുമായി മാറാൻ അദ്ദേഹത്തെ സഹായിച്ചതെന്നും മീന അഭിപ്രായപ്പെട്ടു. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനാവുന്ന 'ദൃശ്യം 3' ആണ് മീനയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഈ ചിത്രം ഏപ്രിൽ രണ്ടിന് തിയേറ്ററുകളിലെത്തും.