കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ മകൾ മീനാക്ഷിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുന്നു. പിതാവ് കുറ്റവിമുക്തനായ സാഹചര്യത്തിൽ മീനാക്ഷിയുടെ പ്രതികരണത്തിനായി ആരാധകർ കാത്തിരിക്കുകയായിരുന്നു. ഓറഞ്ച് നിറത്തിലുള്ള സാരിയുടുത്ത മൂന്ന് ചിത്രങ്ങളാണ് മീനാക്ഷി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചത്. ഈ ചിത്രങ്ങൾക്ക് നിമിഷങ്ങൾക്കകം ആയിരക്കണക്കിന് ലൈക്കുകളും നിരവധി കമന്റുകളും ലഭിച്ചു.

നടി നമിത പ്രമോദും "കൊള്ളാം" എന്ന് കുറിച്ചുകൊണ്ട് പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. "അച്ഛന്റെ പൊന്നുമോൾ," "ജനപ്രിയൻ തുടരും. മീനൂട്ടിയുടെ അച്ഛൻ ഇല്ലാതെ എന്ത് മലയാള സിനിമ," "ആ ചിരി പറയും ഒരായിരം സന്തോഷത്തിന്‍റെ കഥ," "ജനപ്രിയനായകന്റെ മീനുട്ടി" എന്നിങ്ങനെ ദിലീപിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്. ദിലീപിന്റെയും മുൻ ഭാര്യ മഞ്ജു വാര്യരുടെയും മകളായ മീനാക്ഷി കഴിഞ്ഞ വർഷമാണ് എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയത്.

ചെന്നൈയിലെ ശ്രീ രാമചന്ദ്ര മെഡിക്കൽ കോളേജിൽ നിന്നാണ് മീനാക്ഷി ബിരുദം നേടിയത്. ബിരുദദാന ചടങ്ങിൽ ദിലീപും ഭാര്യ കാവ്യ മാധവനും പങ്കെടുത്തിരുന്നു. നിലവിൽ ആസ്റ്റർ മെഡിസിറ്റിയിൽ സേവനമനുഷ്ഠിക്കുകയാണ് മീനാക്ഷി. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ പിതാവിന് ശക്തമായ പിന്തുണയുമായി മീനാക്ഷി കൂടെ നിന്നിരുന്നു. ദിലീപിനൊപ്പം പല പൊതുപരിപാടികളിലും ചടങ്ങുകളിലും മീനാക്ഷി പങ്കെടുക്കാറുണ്ട്. മീനൂട്ടിയാണ് തന്റെ ലോകമെന്നും എല്ലാം അവളാണെന്നും ദിലീപ് പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്.