- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എങ്ങനെയെങ്കിലും..ഒരു ചാൻസ് തരണമെന്ന് പറഞ്ഞു; ഒന്ന് രണ്ട് കുട്ടികളെ ഓഡിഷന്‍ ചെയ്തു നോക്കി; അങ്ങനെയാണ് മീര സിനിമയുടെ ഭാഗമാവുന്നത്; വെളിപ്പെടുത്തലുമായി സത്യൻ അന്തിക്കാട്

സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ഹിറ്റ് ചിത്രമായ 'വിനോദയാത്ര'യിലേക്ക് നടി മീര ജാസ്മിന്റെ അപ്രതീക്ഷിത വരവ് എങ്ങനെയായിരുന്നുവെന്ന് വെളിപ്പെടുത്തി സത്യൻ അന്തിക്കാട്. പുതുമുഖങ്ങളെ പരിഗണിച്ച് ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും അവർക്ക് മറ്റുള്ളവർക്കൊപ്പം പിടിച്ചുനിൽക്കാൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് മീര ജാസ്മിനെ സമീപിച്ചതെന്നും, സിനിമയെ "എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണം" എന്ന് താൻ അവരോട് ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കലാസംഘം യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സത്യൻ അന്തിക്കാട് ഈ ഓർമ്മകൾ പങ്കുവെച്ചത്. ചിത്രത്തിൽ അനുപമ എന്ന കേന്ദ്ര കഥാപാത്രത്തിനായി ആദ്യം പുതുമുഖങ്ങളെയായിരുന്നു പരിഗണിച്ചിരുന്നത്. നിരവധി ഓഡിഷനുകൾ നടത്തിയെങ്കിലും തൃപ്തികരമായ ഒരാളെ കണ്ടെത്താനായില്ല. ഷൂട്ടിംഗ് ആരംഭിച്ചതിന് ശേഷം കൊണ്ടുവന്ന പുതുമുഖങ്ങൾക്കൊന്നും മുരളി, മുകേഷ്, പാർവതി തിരുവോത്ത് തുടങ്ങിയ മറ്റ് അഭിനേതാക്കൾക്കൊപ്പം മികവ് പുലർത്താനായില്ലെന്ന് സത്യൻ അന്തിക്കാട് വെളിപ്പെടുത്തി.
"നായികയായി പുതിയ പെണ്‍കുട്ടി ചെയ്യട്ടെ എന്നായിരുന്നു. അനുപമയാകാന്‍ പുതിയ പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ കുറേ നടത്തി. ഒന്ന് രണ്ട് കുട്ടികളെ ഓഡിഷന്‍ ചെയ്തു നോക്കി. ഇതിനിടെ ഷൂട്ടിങ് തുടങ്ങുകയും ചെയ്തു. കൊണ്ടു വന്ന പുതുമുഖങ്ങള്‍ക്കൊന്നും മറ്റുള്ളവര്‍ക്കൊപ്പം പിടിച്ചു നില്‍ക്കാനാകുന്നില്ല," സത്യൻ അന്തിക്കാട് പറഞ്ഞു.
ആ സമയത്ത് തമിഴ് സിനിമകളുടെ തിരക്കിലായിരുന്ന മീര ജാസ്മിന് ഡേറ്റുകളുണ്ടായിരുന്നില്ല. 'രസതന്ത്രം', 'അച്ചുവിന്റെ അമ്മ' തുടങ്ങിയ ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചതിലൂടെ താനും മീര ജാസ്മിനും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു. ഈ അടുപ്പം വെച്ചാണ് ഷൂട്ടിംഗ് തുടങ്ങിയ ശേഷം താൻ നേരിട്ട് വിളിച്ച് സഹായം അഭ്യർത്ഥിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഞാൻ നേരെ മീരയെ വിളിച്ചു. എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണം എന്ന് പറഞ്ഞു. ഷൂട്ടിങ് തുടങ്ങി, മീര എങ്ങനെയെങ്കിലും വന്നേ പറ്റൂവെന്ന് ഞാൻ പറഞ്ഞു," സത്യൻ അന്തിക്കാട് ഓർമ്മിച്ചു.
തന്നോടുള്ള സ്നേഹം ഒന്നുകൊണ്ട് മാത്രമാണ് അന്ന് മീര ജാസ്മിൻ 'വിനോദയാത്ര'യുടെ ഭാഗമാകാൻ തയ്യാറായത്. അനുപമയുടെ വേഷം കുറച്ച് ഭാരമുള്ളതായിരുന്നുവെന്നും, എന്നാൽ മീരയുടെ വരവോടെ അത് വലിയൊരു കോമ്പിനേഷനായി മാറിയെന്നും അദ്ദേഹം പറഞ്ഞു. മീര ജാസ്മിന്റെ സാന്നിധ്യം 'വിനോദയാത്ര'യ്ക്ക് വലിയ മുതൽക്കൂട്ടായെന്ന് എടുത്തുപറഞ്ഞ സംവിധായകൻ, ചില സിനിമകൾക്ക് അങ്ങനെയുള്ള ഭാഗ്യങ്ങളുണ്ടാകുമെന്നും അഭിപ്രായപ്പെട്ടു.


