കൊച്ചി: നടിയും ടെലിവിഷൻ, റേഡിയോ അവതാരകയുമായ മീരാ നന്ദൻ വിവാഹിതയാകുന്നു. നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. 'ഇനി ഒന്നിച്ചുള്ള ജീവിതം' എന്ന കാപ്ഷനോടെ മീര തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. വരന്റെ പേര് ശ്രീജു എന്നാണ്. ലണ്ടനിൽ ജോലിക്കാരനാണ് ശ്രീജു.

മാട്രിമോണിയൽ സൈറ്റിൽ നിന്നാണ് നടി ജീവിത പങ്കാളിയെ കണ്ടെത്തിയതെന്നാണ് സൂചന. മാതാപിതാക്കൾ തമ്മിൽ പരസ്പരം സംസാരിച്ചതിനുശേഷം വിവാഹനിശ്ചയത്തിലേക്ക് എത്തുകയായിരുന്നു. നടിമാരായ പേളി മാണി, സ്വാസിക, മഞ്ജു പിള്ള, ഷംന കാസിം, ശിവദ, നമിതാ പ്രമോദ്, അനുമോൾ തുടങ്ങി നിരവധി പേർ മീര നന്ദന് ആശംസകളുമായെത്തി.

കൊച്ചി എളമക്കര സ്വദേശിനിയായ മീര നന്ദനെ മുല്ല എന്ന ചിത്രത്തിലൂടെ സംവിധായകൻ ലാൽജോസാണ് മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തിയത്. 2008 ലാണ് മുല്ല റിലീസായത്. തൊട്ടടുത്ത വർഷം വാൽമീകി എന്ന ചിത്രത്തിലൂടെ തമിഴിലും 2011 ൽ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014 ൽ കരോട്പതി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി.

പുതിയ മുഖം, പോത്തൻ വാവ, എൽസമ്മ എന്ന ആൺകുട്ടി, അപ്പോത്തിക്കിരി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. നിലവിൽ ദുബായിൽ നിന്നുള്ള മലയാളം റേഡിയോ സ്റ്റേഷൻ ഗോൾഡ് 101.3 എഫ്എമ്മിൽ ആർജെയാണ്. ഈ വർഷം പുറത്തെത്തിയ എന്നാലും എന്റെളിയാ ആണ് മീര അഭിനയിച്ച് ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം.