കൊച്ചി: മലയാളികളുടെ ഇഷ്ട്ട ചിത്രങ്ങൾ ഒരുക്കിയ തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജൻ പ്രമോദ്, താൻ തിരക്കഥയെഴുതിയ 'മീശമാധവൻ' എന്ന ചിത്രത്തിലെ ഒരു രംഗത്തെക്കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തി. ലാൽജോസ് സംവിധാനം ചെയ്ത് ദിലീപും കാവ്യ മാധവനും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു 'മീശമാധവൻ'. ചിത്രത്തിന്റെ തിരക്കഥ രഞ്ജൻ പ്രമോദിന്റേതായിരുന്നു. ഈ ചിത്രത്തിലെ നായികയുടെ അരഞ്ഞാണം മോഷ്ടിക്കുന്ന രംഗമാണ് തന്നെ അലോസരപ്പെടുത്തിയതെന്ന് അദ്ദേഹം ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിൽ വ്യക്തമാക്കി.

ഈ രംഗവുമായി ബന്ധപ്പെട്ട് താനും സംവിധായകൻ ലാൽജോസും തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നതായും രഞ്ജൻ പ്രമോദ് സൂചിപ്പിച്ചു. നായകനും നായികയും തമ്മിലുള്ള പ്രണയം കാണിക്കാനാണ് ആ രംഗം എഴുതിയതെന്നും, എന്നാൽ എഡിറ്റിംഗിന് ശേഷം ഇത് തൻ്റെ ഉദ്ദേശ്യങ്ങളിൽ നിന്ന് വ്യതിചലിച്ചതായി തോന്നി എന്നും അദ്ദേഹം പറഞ്ഞു. അരഞ്ഞാണത്തിന്റെ വലുപ്പം കാണിക്കാനല്ല താൻ ആ രംഗം എഴുതിയതെന്നും, റൊമാൻ്റിക് രംഗമായി കണ്ടതിൽ നായികയുടെ അരഞ്ഞാണത്തിൻ്റെയും മയിൽപ്പീലിയുടെയും വലിപ്പം മാത്രം കാണിച്ചത് തന്നെ അസ്വസ്ഥനാക്കിയെന്നും രഞ്ജൻ പ്രമോദ് വിശദീകരിച്ചു.

സംഭാഷണങ്ങൾക്ക് ഡബിൾ മീനിംഗ് ഉണ്ടായേക്കാമെന്നും, എന്നാൽ അത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'മീശമാധവനി'ലെ ചില രംഗങ്ങളോടുള്ള അതൃപ്തി മുൻപ് സംവിധായകൻ ലാൽജോസും ഒരു പരിപാടിയിൽ പങ്കുവെച്ചിരുന്നു. ഇതിന് മറുപടിയായാണ് രഞ്ജൻ പ്രമോദ് ഇപ്പോൾ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.