ന്തരിച്ച നടൻ ചിരഞ്ജീവി സർജയുടെ ഭാര്യയും പ്രമുഖ നടിയുമായ മേഘ്ന രാജ്, ഭർത്താവിന്റെ വിയോഗശേഷം താൻ കടന്നുപോയ തീവ്രമായ മാനസിക സംഘർഷങ്ങളെക്കുറിച്ചും ആ സമയത്ത് നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തവേളയിലും ചിലരുടെ തനിനിറം താൻ കണ്ടുവെന്നും, കുഞ്ഞിന് ജന്മം നൽകുക എന്നതുമാത്രമായിരുന്നു അന്ന് ജീവിക്കാനുള്ള തന്റെ ഏക കാരണമെന്നും മേഘ്ന വെളിപ്പെടുത്തി. റയാൻ മിഥുൻ അവതാരകനായ ഒരു പോഡ്കാസ്റ്റ് ഷോയിലാണ് മേഘ്നയുടെ വൈകാരികമായ വെളിപ്പെടുത്തലുകൾ.

മേഘ്ന നാലുമാസം ഗർഭിണിയായിരിക്കുമ്പോഴാണ് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം സംഭവിക്കുന്നത്. ആ സമയത്ത് താൻ അനുഭവിച്ച വേദന വിവരണാതീതമാണെന്ന് അവർ പറഞ്ഞു. "മാതാപിതാക്കളില്ലായിരുന്നെങ്കിൽ ആ സമയം എനിക്ക് അതിജീവിക്കാൻ പറ്റുമായിരുന്നില്ല. ഒരു കൊച്ചുകുട്ടിയെ എന്നപോലെ അവരെന്നെ നോക്കി," മേഘ്ന ഓർമിച്ചു. എന്നാൽ ഈ ദുരിതഘട്ടത്തിൽ തന്നോട് മോശമായി പെരുമാറിയവരുണ്ടെന്നും, അവർക്ക് താൻ കടന്നുപോയ സാഹചര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നും അവർ കൂട്ടിച്ചേർത്തു. സംഭവിച്ച കാര്യങ്ങൾ മറക്കാനോ പൊറുക്കാനോ കഴിയില്ലെന്നും മേഘ്ന വ്യക്തമാക്കി.

പൊതു ഇടത്തിൽ ചിരിക്കാൻ പോലും തനിക്ക് ഭയമായിരുന്നുവെന്നും മേഘ്ന പങ്കുവെച്ചു. ഗർഭിണിയായപ്പോൾ ഒരുപാട് സ്വപ്നങ്ങൾ കണ്ടിരുന്നുവെങ്കിലും, ഭർത്താവിന്റെ വിയോഗത്തോടെ ഗർഭകാലം സന്തോഷകരമായ ഒരനുഭവമായി മാറേണ്ടതിനു പകരം, കുഞ്ഞിന് ആരോഗ്യമുള്ള ജന്മം നൽകാനുള്ള 'സർവൈവൽ' ആയി മാറിയെന്നും അവർ വ്യക്തമാക്കി. കുഞ്ഞില്ലായിരുന്നെങ്കിൽ മേഘ്ന എന്ന വ്യക്തി ഉണ്ടാകുമായിരുന്നില്ലെന്നും അവർ വിശ്വസിക്കുന്നു.

മകൻ ജനിച്ചതോടെ തന്റെ ജീവിതം പല തരത്തിൽ മാറിയെന്നും, സങ്കടവും സന്തോഷവും ഒരുമിച്ച് അനുഭവിച്ച നിമിഷമായിരുന്നു അതെന്നും മേഘ്ന പറഞ്ഞു. പിന്നീട് തനിക്കും മകനും വേണ്ടി സന്തോഷത്തോടെ ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ ഘട്ടത്തിൽ പലരുടെയും യഥാർത്ഥ സ്വഭാവം താൻ കണ്ടുവെന്നും അവർ കൂട്ടിച്ചേർത്തു.