- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് ഭക്തി ഗാനമേള അല്ല...ഇത് കോൺസെർട്!! പമ്പാഗണപതി പാരിന്റെയധിപതി.. കൊമ്പാര്ന്നുണരണമന്പില്..സ്റ്റേജിൽ എല്ലാം മറന്ന് പാടുന്ന എം.ജി അണ്ണൻ; ഒരൊറ്റ നിമിഷം കൊണ്ട് 'ജെൻസി'കൾ വരെ ആവേശത്തിലാകുന്ന കാഴ്ച; ചർച്ചയായി ഏറ്റുമാനൂര് മഹാദേവ ക്ഷേത്രത്തിലെ പരിപാടി

കോട്ടയം: മലയാളികളുടെ പ്രിയപ്പെട്ട ഗായകൻ എം.ജി ശ്രീകുമാർ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ അദ്ദേഹം പാടിയ 'പമ്പാ ഗണപതി പാരിന്റെ അധിപതി' എന്ന ഗാനത്തിന്റെ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പാട്ടിനൊപ്പം ഏറ്റുപാടുന്നതും ആവേശത്തോടെ നൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാം.
ലാൽ ജോസ് സംവിധാനം ചെയ്ത 'പട്ടാളം' എന്ന ചിത്രത്തിന് വേണ്ടി വിദ്യാസാഗർ ഈണം നൽകി ഗിരീഷ് പുത്തഞ്ചേരി രചിച്ച ഈ ഗാനം പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും അതിന്റെ ജനപ്രീതിക്ക് തെല്ലും കുറവ് വന്നിട്ടില്ല. മണ്ഡലകാലത്ത് മാത്രമല്ല, ഗാനമേളകളിലും ആഘോഷങ്ങളിലും മലയാളികൾ ഒരുപോലെ നെഞ്ചിലേറ്റുന്ന ഫാസ്റ്റ് നമ്പർ ഭക്തിഗാനമാണിത്. എം.ജി ശ്രീകുമാറിന്റെ തനതായ ആലാപന ശൈലിയും ഊർജ്ജസ്വലതയുമാണ് ഈ പാട്ടിനെ ഇന്നും ലൈവായി നിലനിർത്തുന്നത്.
വൈറലായ വീഡിയോയ്ക്ക് താഴെ എം.ജി ശ്രീകുമാറിനെ പ്രശംസിച്ചുകൊണ്ട് കമന്റുകളുടെ പ്രവാഹമാണ്. "ഇനി ആരൊക്കെ വന്നാലും പോയാലും എം.ജി അണ്ണന്റെ തട്ട് താഴ്ന്നു തന്നെയിരിക്കും", "അയ്യപ്പ ഭക്തിഗാനമാണെങ്കിൽ എം.ജി ശ്രീകുമാർ അല്ലാതെ മറ്റൊരു ചോയ്‌സില്ല", "ന്യൂജെൻ പിള്ളേരെ വരെ അണ്ണൻ ഒറ്റ പാട്ടുകൊണ്ട് കയ്യിലെടുത്തു" എന്നിങ്ങനെ നീളുന്നു ആരാധകരുടെ പ്രതികരണങ്ങൾ. ഏത് പ്രായക്കാരെയും തന്റെ പാട്ടിലൂടെ ആവേശം കൊള്ളിക്കാൻ അദ്ദേഹത്തിന് ഇന്നും സാധിക്കുന്നുവെന്നതിന്റെ തെളിവാണ് ഏറ്റുമാനൂരിലെ ഈ ജനക്കൂട്ടം.
അടുത്തിടെ തരുൺ മൂർത്തി-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'തുടരും' എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ എം.ജി ശ്രീകുമാർ വീണ്ടും ചർച്ചകളിൽ നിറഞ്ഞിരുന്നു. ചിത്രത്തിലെ മെലഡി ഗാനമായ 'കണ്മണി പൂവേ' വമ്പൻ ഹിറ്റായി മാറിയിരുന്നു. കൂടാതെ ജേക്സ് ബിജോയ് സംഗീതം നൽകിയ 'കൊണ്ടാട്ടം' എന്ന ഫാസ്റ്റ് നമ്പറും യുവതലമുറ ഏറ്റെടുത്തു കഴിഞ്ഞു. വർഷങ്ങൾക്കിപ്പുറവും മലയാള സിനിമയിലെ പ്ലേബാക്ക് സിംഗിംഗിലും സ്റ്റേജ് ഷോകളിലും ഒരുപോലെ വിസ്മയം തീർക്കുകയാണ് ഈ ഗായകൻ.


