കൊച്ചി: സിനിമയിൽ തിളങ്ങാൻ ഭാഗ്യം വേണമെന്ന് പറയുന്നവർ ഏറെയാണ്. ആ ഭാഗ്യം വരാൻ വേണ്ടി പേരു മാറ്റുന്നവരുമുണ്ട്. അത്തരത്തിൽ പേരു മാറ്റിയ നിരവധി പേരുണ്ട്. ഇത്തരത്തിൽ പേര് മാറ്റിയതോടെ ഭാഗ്യം തെളിഞ്ഞൊരു നടിയാണ് ജയിലറിൽ രജനികാന്തിന്റെ മരുമകളായി അഭിനയിച്ച മിർണ മേനോൻ.

മോഹൻലാൽ- സിദ്ദീഖ് ടീമിന്റെ 'ബിഗ് ബ്രദർ' എന്ന സിനിമയിലൂടെ മലയാളത്തിൽ നായികയായി അരങ്ങറ്റം കുറിച്ച മിർണ ഈ സിനിമയ്ക്ക് തൊട്ട് മുൻപാണ് പേര് മാറ്റിയത്. സിനിമയിലെത്തിയപ്പോൾ മിർണ ആദ്യം സ്വീകരിച്ച പേര് അതിഥി എന്നതായിരുന്നു. തമിഴിലൂടെയായിരുന്നു മിർണ അഭിനയ ജീവിതം ആരംഭിക്കുന്നത്.

ബിഗ് ബ്രദറിലേക്ക് സെലക്ടായ ശേഷം സംവിധായകൻ സിദ്ദിഖാണ് പേര് മാറ്റാൻ നിർദേശിച്ചതെന്നും അതിന് ശേഷം എമ്മിൽ തുടങ്ങുന്ന പേര് കണ്ടുപിടിക്കാൻ നിർദേശിച്ചത് നടൻ ദിലീപാണെന്നും മിർണ അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

ആന്റിക്കൊപ്പം സിദ്ദിഖ് സാറിനെ കാണാൻ പോയപ്പോഴായിരുന്നു ബിഗ് ബ്രദറിലേക്ക് ക്ഷണം വരുന്നത്. മലയാളത്തിൽ ഇപ്പോൾ തന്നെ അതിഥി എന്ന പേരിൽ ഒരുപാട് നടിമാരുണ്ടെന്നും അതുകൊണ്ട് പുതിയ പേര് കണ്ടുപിടിക്കാനും സിദ്ദിഖ് സാർ നിർദേശിച്ചു. ഇക്കാര്യം ദിലീപേട്ടനോട് പറഞ്ഞപ്പോൾ അദ്ദേഹമാണ് എമ്മിൽ തുടങ്ങുന്ന പേര് കണ്ടുപിടിക്കാൻ പറഞ്ഞത്. നീ 'എ' എന്ന ലെറ്ററിൽ തുടങ്ങുന്ന പേര് വച്ചാൽ ശരിയാവില്ല. എമ്മിൽ തുടങ്ങുന്ന പേര് വെക്കാൻ ദിലീപേട്ടൻ പറഞ്ഞു.

അങ്ങനെ എമ്മിൽ തുടങ്ങുന്ന കുറച്ച് പേരുകൾ കണ്ടെത്തി അതിൽ നിന്നും എന്റെ സുഹൃത്ത് സജസ്റ്റ് ചെയ്ത പേരാണ് മിർണ. എല്ലാവർക്കും ഈ പേര് ഇഷ്ടപ്പെടുകയും ചെയ്തു. എമ്മിൽ തുടങ്ങുന്ന പേര് വെച്ച അടുത്ത ദിവസമാണ് ഞാൻ ബിഗ് ബ്രദർ സിനിമ സൈൻ ചെയ്തത്.പേര് മാറ്റിയാൽ നിനക്ക് ഉയർച്ചയുണ്ടാകുമെന്നും രക്ഷപ്പെടുമെന്നും അന്നേ ദിലീപേട്ടൻ പറഞ്ഞിരുന്നുവെന്ന് മിർണ കൂട്ടിച്ചേർത്തു.