- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളത്തിന്റെ എവർഗ്രീൻ കോംബോ ഒരുമിക്കുന്ന ചിത്രം
കൊച്ചി: മലയാള സിനിമയിലെ സൂപ്പർഹിറ്റ് ജോഡികളായ മോഹൻലാലും ശോഭനയും 20 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി. സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിന്റെ എൽ 360. ഏറെ നാളുകൾക്ക് ശേഷം മോഹൻലാൽ ഒരു റിയലിസ്റ്റിക് കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. സിനിമയുടെ ക്ലാപ്പ് ബോർഡിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
മലയാളത്തിന്റെ എവർഗ്രീൻ കോംബോയായ മോഹൻലാലും ശോഭനയും 20 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് എൽ 360. 2004 ൽ ജോഷി സംവിധാനം ചെയ്ത മാമ്പഴക്കാലത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ൽ റിലീസ് ചെയ്ത സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.
മോഹൻലാലിന്റെ 360-ാമത്തെ ചിത്രമാണിത്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്‌സി ഡ്രൈവറിന്റെ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒരു ചിത്രമായിരിക്കുമെന്നാണ് സൂചന. വലിയ ഇടവേളക്കു ശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഒരിടത്തരം ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം.
ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണും കെ ആർ സുനിലും ചേർന്നാണ്. നിരവധി അന്താരാഷ്ട്ര ആർട്ട് ഫെസ്റ്റിവലുകളിൽ ഫോട്ടോഗ്രാഫിക് ഷോ അവതരിപ്പിച്ച ആർട്ടിസ്റ്റായ കെ ആർ സുനിൽ പ്രമുഖ ദിനപത്രങ്ങളിലും ആനുകാലികങ്ങളും എഴുതാറുമുണ്ട്.