കൊച്ചി: മോഹൻലാലിനെ നായനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'ദൃശ്യം' മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ ചിത്രത്തിന്റെ രണ്ട് ഭാ​ഗങ്ങളും തിയറ്ററുകളിൽ വൻ വിജയമായി മാറിയിരുന്നു. പൂത്തോട്ട ലോ കോളേജിൽ നടന്ന ചടങ്ങിൽ സംവിധായകൻ ജീത്തു ജോസഫും നടൻ മോഹൻലാലും ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ പങ്കെടുത്തു.

ചിത്രീകരണത്തിന് മുന്നോടിയായി നടന്ന ചടങ്ങിൽ സംസാരിക്കവേ, 'ദൃശ്യം 3' യും പ്രേക്ഷകർ സ്വീകരിക്കുമെന്ന പ്രതീക്ഷ മോഹൻലാൽ പങ്കുവെച്ചു. 'ദൃശ്യം ഒന്നും രണ്ടും മനസിലേറ്റിയ പ്രേക്ഷകർ തീർച്ചയായും ദൃശ്യം 3 യും മനസിൽ കൊണ്ടു നടക്കുമെന്ന് ഞാൻ പ്രാർഥിക്കുന്നു. ജോർജുകുട്ടി എന്തെങ്കിലും കുഴപ്പമുണ്ടാക്കും, പേടിക്കണ്ടാ. ഈ ഒരു ആകാംക്ഷയാണ് ദൃശ്യത്തിന്റെ ക്യാച്ച് എന്ന് പറയുന്നത്,' മോഹൻലാൽ പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗ് തടസ്സങ്ങളില്ലാതെ പൂർത്തിയാകുമെന്നും വലിയ വിജയമാകുമെന്നും അദ്ദേഹം ആശംസിച്ചു.

'ദൃശ്യം 3' യുടെ ചിത്രീകരണം 55 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് നിലവിലെ പദ്ധതി. ജോർജുകുട്ടി എന്ന കഥാപാത്രത്തിൽ നാല് വർഷത്തിന് ശേഷം വരുന്ന മാറ്റങ്ങളെക്കുറിച്ചും സംവിധായകൻ ജീത്തു ജോസഫ് സൂചിപ്പിച്ചു. 'ദൃശ്യം 3' ഒരു നല്ല സിനിമയായിരിക്കുമെന്നും എന്നാൽ അമിത പ്രതീക്ഷകളോടെ ആരും വരരുതെന്നും അദ്ദേഹം വ്യക്തമാക്കി.

'ദൃശ്യം' പരമ്പര മലയാളത്തിലെ ഏറ്റവും വിജയകരമായ സിനിമകളിൽ ഒന്നാണ്. ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഈ ചിത്രങ്ങൾ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിരുന്നു. 'ദൃശ്യം 3' യുടെ പൂജ ചടങ്ങുകൾക്ക് ശേഷം മോഹൻലാൽ ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം സ്വീകരിക്കാനായി ഡൽഹിയിലേക്ക് തിരിച്ചു.