ജയ്പുർ: മലൈക്കോട്ടൈ വാലിബന്റെ പാക്കപ്പ് ആഘോഷമാക്കി താരങ്ങളും അണിയറ പ്രവർത്തകരും. ലിജോയുമായി കൈകോർത്തതിന്റെ സന്തോഷം പങ്കുവെച്ച് മോഹൻലാലും പാക്കപ്പ് വേളയിൽ സംസാരിച്ചു. ഈ വീഡിയോ സൈബറിടത്തിൽ വൈറലാണ്. ഇന്ത്യൻ സ്‌ക്രീൻ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് നാം സൃഷ്ടിച്ചിരിക്കുന്നതെന്നും വളരെ വ്യത്യസ്തമായ സിനിമയാകും വാലിബനെന്നും മോഹൻലാൽ പറഞ്ഞു. തന്നെ ഈ സിനിമയിലേക്ക് പരിഗണിച്ചതിൽ നന്ദിയുണ്ടെന്നും മോഹൻലാൽ വ്യക്തമാക്കി.

''ലിജോ എന്താണെന്ന് നമ്മൾ പഠിച്ചുകൊണ്ടിരിക്കുന്നേ ഉള്ളൂ. നമ്മൾ എന്തിനാണ് അദ്ദേഹത്തെ അറിയുന്നത്? അദ്ദേഹം നമ്മളെയാണ് അറിയേണ്ടത്. ഇത് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവിശ്വസനീയമായ ചിത്രീകരണമായിരുന്നു. കാലാവസ്ഥ അടക്കമുള്ള കാരണങ്ങളാൽ ഞങ്ങൾ വലിയ മാനസിക സമ്മർദ്ദങ്ങളിലൂടെ കടന്നുപോയി. എന്നാൽ നാം അതെല്ലാം മറികടന്നു. സിനിമ ഓടുന്ന കാര്യങ്ങളൊക്കെ പിന്നെയാണ്. ഇന്ത്യൻ സ്‌ക്രീൻ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് നാം സൃഷ്ടിച്ചിരിക്കുന്നത്. ഇത് വളരെ വ്യത്യസ്തമായ സിനിമയാവും. എന്നെ ഈ സിനിമയിലേക്ക് പരിഗണിച്ചതിന് നന്ദി'', മോഹൻലാൽ പറഞ്ഞു.

ജൂൺ 13നാണ് മലൈക്കോട്ടൈ വാലിബന് ലിജോ പാക്കപ്പ് പറഞ്ഞത്. ചിത്രീകരണം പൂർത്തിയാക്കിയ വേളയിൽ അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി നന്ദി പറഞ്ഞു. ചെന്നൈയിലായിരുന്നു സിനിമയുടെ അവസാനഘട്ട ചിത്രീകരണം. ''കുറച്ച് അധികം കാലത്തെ സമയത്തിനുള്ളിൽ അൻപത്തിയഞ്ചു ദിവസത്തെ ചിത്രീകരണം പൂർത്തീകരിച്ചിരിക്കുകയാണ്. ഞങ്ങളെല്ലാവരും അതിൽ സന്തുഷ്ടരാണ്. ഈ ചിത്രം എല്ലാവർക്കും അഭിമാനിക്കാവുന്ന ഗംഭീര സിനിമയായി മാറട്ടെ, പ്രേക്ഷകരെല്ലാവരും ഇഷ്ടപ്പെടട്ടെ എന്നാഗ്രഹിച്ചുകൊണ്ട് പാക്കപ്പ്.''ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.

രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. രാജസ്ഥാനിലായിരുന്നു സിനിമയുടെ ആദ്യ ഷെഡ്യൂൾ ചിത്രീകരിച്ചത്. 77 ദിവസം നീണ്ട ചിത്രീകരണമായിരുന്നു രാജസ്ഥാനിൽ. അവിടെ വച്ച് ചിത്രത്തിന്റെ രണ്ടു ഘട്ടങ്ങൾ പൂർത്തിയാക്കി. രണ്ടാം ഷെഡ്യൂൾ ചെന്നൈയിലായിരുന്നു. ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോസ് ആയിരുന്നു ലൊക്കേഷൻ. അഞ്ചു മാസത്തോളം പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളുണ്ടാകും. ക്രിസമസ് റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും.

ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, ബംഗാളി നടി കഥാ നന്ദി, മനോജ് മോസസ്, ഡാനിഷ് സേഠ്, സൊണാലി കുൽക്കർണി, രാജീവ് പിള്ള എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മറ്റു താരങ്ങളുടെ പേരുവിവരങ്ങൾ അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ല. വിദേശ താരങ്ങളടക്കമുള്ളവർ സിനിമയിൽ അണിനിരക്കുന്നുണ്ട്.