ന്യൂയോർക്ക്: 'ഹൃദയപൂര്‍വ്വം' കാണാനെത്തിയ മോഹന്‍ലാലിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അമേരിക്കയിലെ പ്രേക്ഷകര്‍ക്കൊപ്പമാണ് മോഹന്‍ലാല്‍ ഹൃദയപൂര്‍വ്വം കണ്ടത്. ഭാര്യ സുചിത്രയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ആരാധകരുടെ സ്നേഹപ്രകടനങ്ങൾക്ക് മോഹൻലാൽ കൈവീശി നന്ദി അറിയിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിച്ച ചിത്രമെന്ന ഹൈപ്പോടെ എത്തിയ 'ഹൃദയപൂർവ്വം' ബോക്സ് ഓഫീസിൽ മികച്ച പ്രതികരണമാണ് നേടുന്നത്. ഓണച്ചിത്രമായി കുടുംബപ്രേക്ഷകരുടെ മനം കവർന്ന ചിത്രം, മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിന് വീണ്ടും വിജയഗാഥ രചിക്കുന്നതിന്റെ സൂചന നൽകുന്നു. കഴിഞ്ഞ ചിത്രങ്ങളായ 'എമ്പുരാൻ', 'തുടരും' എന്നിവയുടെ വിജയത്തെത്തുടർന്ന് ഈ ചിത്രവും ഹാട്രിക് വിജയത്തിലേക്ക് നീങ്ങുകയാണ്.

സംഗീത് പ്രതാപ്, മാളവിക മോഹനൻ, സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2015ൽ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിന് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇത്തവണ സത്യൻ അന്തിക്കാടിനോടൊപ്പം അദ്ദേഹത്തിൻ്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ആദ്യദിനം ചിത്രം ഇന്ത്യയിൽ നിന്ന് ഏകദേശം മൂന്നേകാൽ കോടി രൂപയാണ് നേടിയത്. ഈ വിജയം തുടരുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. '