കൊച്ചി: ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന 'ഭ ഭ ബ' എന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെ ചിത്രത്തിലെ മോഹൻലാലിന്റെ ഗെറ്റപ്പുകളെ പറ്റിയായിരുന്നു ആരാധകരുടെ ചർച്ച. ഇപ്പോഴിതാ മോഹൻലാലിന്റെ പുതിയൊരു ലുക്ക് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. താടി ട്രിം ചെയ്ത് മീശ പിരിച്ചുള്ളതാണ് താരത്തിന്റെ പുതിയ ലുക്ക്. 'ഭ ഭ ബ' എന്ന ചിത്രത്തിന്‍റെ ഷൂട്ടിനായി ഉള്ളതാണ് പുതിയ ഗെറ്റപ്പ് എന്നാണ് സൂചന.

അതേസമയം, 'ഭ.ഭ.ബ' എന്ന ചിത്രത്തിലൂടെ മികച്ചൊരു തിരിച്ചു വരവിനൊരുങ്ങുകയാണ് ജനപ്രിയ നായകൻ ദിലീപ്. ഒരു മാസ് കോമഡി എന്റർടെയ്നറാണ് 'ഭ.ഭ.ബ' എന്നാണ് ചിത്രത്തിന്റെ ടീസർ സൂചിപ്പിക്കുന്നത്. ഇന്നാണ് ചിത്രത്തിന്റെ ടീസർ പുറത്ത് വന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഭയം ഭക്തി ബഹുമാനം എന്നാണ് ചിത്രത്തിന്റെ പേരിന്റെ പൂർണ്ണ രൂപം. താരദമ്പതിമാരായ നൂറിൻ ഷെരീഫും ഫാഹിം സഫറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, അശോകൻ, ജി. സുരേഷ് കുമാർ, നോബി, സെന്തിൽ കൃഷ്ണാ, റെഡിൻ കിങ്‌സിലി, ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻഡി എന്നിവരടങ്ങുന്ന വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.