തിരുവനന്തപുരം: മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ തരുൺ മൂർത്തി. മോഹൻലാലിന്റെ 360മത്തെ ചിത്രമാണിത്. സോഷ്യൽ മീഡിയ പേജിലൂടെ സംവിധായകനാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. രജപുത്ര വിഷ്വൽസ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് എം രഞ്ജിത്ത് ആണ്.

സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരെ സംബന്ധിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് വിവരം. ഏറെ പ്രേക്ഷക ശ്രദ്ധനേടിയ ഓപ്പറേഷൻ ജാവ, സൗദി വെള്ളയ്ക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നേരത്തെ തന്നെ മോഹൻലാലിനൊപ്പം സിനിമ ചെയ്യാനുള്ള ആഗ്രഹം വെളിപ്പെടുത്തിയിരുന്നു.

അതേസമയം, മോഹൻലാൽ ഇപ്പോൾ പൃഥ്വിരാജ് ചിത്രമായ എമ്പുരാനിലാണ് നിലവിൽ അഭിനയിക്കുന്നത്. ബറോസ് ആണ് റിലീസിനൊരുങ്ങുന്ന നടന്റെ മറ്റൊരു ചിത്രം. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. റംമ്പാൻ ആണ് അടുത്തിടെ പ്രഖ്യാപിച്ച മോഹൻലാലിന്റെ മറ്റൊരു ചിത്രം. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ചെമ്പൻ വിനോദ് ആണ്.

വൃഷഭ എന്നൊരു പാൻ ഇന്ത്യൻ സിനിമയും നടന്റേതായി ഒരുങ്ങുന്നുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബൻ ആണ് താരത്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിനിമക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.