- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാൽ-സത്യൻ അന്തിക്കാട് കോമ്പോയുടെ വീണ്ടും; സന്ദീപ് ബാലകൃഷ്ണനായി മോഹൻലാൽ; 'ഹൃദയപൂർവം' ചിത്രീകരണം ആരംഭിച്ചു
കൊച്ചി: മലയാളി സിനിമ ആസ്വാദകർക്ക് എക്കാലവും പ്രിയപ്പെട്ട കൂട്ടുകെട്ടാണ് മോഹൻലാൽ-സത്യൻ അന്തിക്കാട്. മോളിവുഡിലെ റിപീറ്റ് വാല്യൂവുള്ള നിരവധി ചിത്രങ്ങൾ ഒരുക്കിയ കോമ്പോ വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് നവാഗതനായ സോനു ടി.പിയാണ് തിരക്കഥയെഴുതുന്നത്. ചിത്രത്തിനായി വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് കൊച്ചിയിൽ ആരംഭിച്ചു.
സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണിത്. ആശിർവാദ് സിനിമാസും സത്യൻ അന്തിക്കാടും ഒത്തുചേരുന്ന അഞ്ചാമതു ചിത്രമാണിത്. 2015ൽ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് ഒടുവിൽ ഒന്നിച്ചത്. മോഹൻലാലിന്റെ നായികയായി നടി ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലുണ്ടാവുകയെന്ന് നേരത്തെ സത്യൻ അന്തിക്കാട് അറിയിച്ചിരുന്നു. മോഹൻലാലിനൊപ്പം ഐശ്വര്യ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. കൂടാതെ പഴയകാല നായിക സംഗീതയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
പ്രശസ്ത പിന്നണി ഗായകനായ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മകന് എസ് പി ചരൺ മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന വാർത്തകളും നേരത്തെ ശ്രദ്ധനേടിയിരുന്നു. സന്ദീപ് ബാലകൃഷ്ണൻ എന്നാണ് ഈ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. കുഞ്ഞിരാമായണം, പാച്ചുവും അത്ഭുത വിളക്കും എന്നീ ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ച ജസ്റ്റിൻ്റെ മൂന്നാമത്തെ മലയാള ചിത്രമാണ് ഹൃദയപൂർവം. അനു മൂത്തേടത്ത് ക്യാമറ നിർവഹിക്കുന്നത്. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് 'ഹൃദയപൂർവ്വം. ഈ വർഷം ഓഗസ്റ്റ് 25 ന് ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്.
കലാസംവിധാനം പ്രശാന്ത് മാധവ്, മേക്കപ്പ് പാണ്ഡ്യൻ, കോസ്റ്റ്യും ഡിസൈൻ സമീറാ സനീഷ്, സഹസംവിധാനം ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷൻ മാനേജർ ആദർശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്, ഫോട്ടോ അമൽ.സി. സദർ, പി.ആർ.ഒ വാഴൂർ ജോസ്.