കൊച്ചി: വർഷങ്ങൾക്ക് ശേഷം മീശ പിരിച്ച ലുക്കിൽ തിരിച്ചെത്തിയ മോഹൻലാലിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധനേടിയിരുന്നു. മലയാളത്തിലെ സമീപകാല ഹിറ്റുകളിലൊന്നായ 'തുടരും' എന്ന സിനിമയുടെ സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന പുതിയ ചിത്രമായ L366-ന് വേണ്ടിയാണ് താരത്തിന്റെ ഈ മാറ്റം. മോഹൻലാൽ തന്നെയാണ് തന്റെ പുതിയ രൂപം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ചിത്രം പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ കമന്റ് ബോക്സ് നിറഞ്ഞിരിക്കുകയാണ്.

ഇതിൽ സംവിധായകൻ തരുൺ മൂർത്തിയുടെ കമന്റാണ് ഏറ്റവും ശ്രദ്ധേയം. 'വന്താ സുട്ടാ.. തിരുമ്പി വന്താ.. റിപ്പീറ്റ്' എന്നാണ് സംവിധായകൻ കുറിച്ചിരിക്കുന്നത്. ജനുവരി 23-ന് 'ചുമ്മാ' എന്ന അടിക്കുറിപ്പോടെയും L366 എന്ന ഹാഷ്ടാഗോടുകൂടിയുമാണ് മോഹൻലാൽ മീശ പിരിച്ച ചിത്രം സാമൂഹിക മാധ്യമങ്ങളിൽ ആദ്യമായി പങ്കുവെച്ചത്. നിമിഷനേരംകൊണ്ട് തന്നെ ഈ ചിത്രം വൈറലാവുകയും ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തു. 'ആറാം തമ്പുരാൻ', 'രാവണപ്രഭു', 'നാട്ടുരാജാവ്' തുടങ്ങിയ ചിത്രങ്ങളിലൂടെ മീശ പിരിച്ച മോഹൻലാലിന്റെ രൂപം മുൻപും വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. എന്നാൽ, 'ഒടിയൻ' എന്ന ചിത്രത്തിന് ശേഷം താടിയില്ലാത്ത ഒരു മോഹൻലാൽ ചിത്രം പുറത്തിറങ്ങിയിരുന്നില്ല എന്നത് ഈ ലുക്കിന്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നു.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. മീശ പിരിച്ച് കൈയ്യിൽ പോലീസ് ഷൂസുമായി നിൽക്കുന്ന മോഹൻലാലിനെയാണ് പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി എത്തുന്ന മോഹൻലാൽ ചിത്രം കൂടിയാണിത്. 'തുടരും' എന്ന വൻ വിജയത്തിന് ശേഷം മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും L366-നുണ്ട്.

ചിത്രത്തിന്റെ അണിയറപ്രവർത്തകരും ആരൊക്കെയാണെന്ന് പുറത്തുവിട്ടിട്ടുണ്ട്. രതീഷ് രവിയാണ് തിരക്കഥ ഒരുക്കുന്നത്. 'തുടരും' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജേക്സ് ബിജോയ് സംഗീതവും, ബിനു പപ്പു സഹസംവിധാനവും, വിവേക് ഹർഷൻ എഡിറ്റിംഗും, വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും, ഗോകുൽദാസ് ആർട്ട് ഡയറക്ഷനും, മഷാർ ഹംസ വസ്ത്രാലങ്കാരവും, സുധർമ്മൻ പ്രൊഡക്ഷൻ കൺട്രോളറും, റോണെക്സ് സേവ്യർ മേക്കപ്പും കൈകാര്യം ചെയ്യുന്നു.