- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരപരാധിയാണെന്ന് ആവർത്തിച്ച് പറഞ്ഞപ്പോൾ സഞ്ജയ് ദത്തിന്റെ കരണത്ത് അടിച്ചു; തെറ്റുപറ്റിയെന്ന് പറഞ്ഞ് കാലില്‍ വീണ് വാവിട്ട് കരഞ്ഞു; വെളിപ്പെടുത്തലുമായി മുൻ ഐ.പി.എസ്. ഓഫീസർ
മുംബൈ: 1993-ലെ മുംബൈ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് നടൻ സഞ്ജയ് ദത്തിനെ അറസ്റ്റ് ചെയ്ത ശേഷമുള്ള നാടകീയ രംഗങ്ങൾ വെളിപ്പെടുത്തി മുൻ ഐ.പി.എസ്. ഓഫീസറും മുംബൈ പോലീസ് കമ്മീഷണറുമായിരുന്ന രാകേഷ് മരിയ. അറസ്റ്റിന് പിന്നാലെ സഞ്ജയ് ദത്ത് പിതാവും നടനും രാഷ്ട്രീയ നേതാവുമായിരുന്ന സുനിൽ ദത്തിന്റെ കാൽക്കൽ വീണ് പൊട്ടിക്കരഞ്ഞെന്നും, എനിക്ക് തെറ്റിപ്പോയി എന്ന് ഏറ്റുപറഞ്ഞെന്നും രാകേഷ് മരിയ ഓർത്തെടുത്തു.
ഒരു മാധ്യമവുമായുള്ള അഭിമുഖത്തിലാണ്, ആ കേസിന്റെ അന്വേഷണത്തിൽ തനിക്ക് നേരിടേണ്ടി വന്ന വൈകാരിക നിമിഷങ്ങൾ അദ്ദേഹം പങ്കുവെച്ചത്. 1993-ലെ സ്ഫോടനത്തിന് ഉപയോഗിച്ച ആയുധങ്ങൾ കൈവശം വെച്ച കേസിൽ സഞ്ജയ് ദത്തിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെക്കുറിച്ചും രാകേഷ് മരിയ വെളിപ്പെടുത്തി. കേസിൽ ഉൾപ്പെട്ട ഹനീഫ് കഡാവാല, സമീർ ഹിംഗോര എന്നിവർ വലിയ ആളുകളെ അറസ്റ്റ് ചെയ്യാത്തതിനെക്കുറിച്ച് തന്നോട് ചോദിച്ചപ്പോഴാണ് സഞ്ജയ് ദത്തിന്റെ പേര് ആദ്യമായി ഉയർന്നുവന്നതെന്ന് അദ്ദേഹം പറഞ്ഞു.
മൗറീഷ്യസിലെ ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചെത്തിയ സഞ്ജയ് ദത്തിനെ വിമാനത്താവളത്തിൽ നിന്ന് നേരിട്ട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ, താൻ നിരപരാധിയാണെന്ന് സഞ്ജയ് ആവർത്തിച്ചപ്പോൾ, തനിക്ക് ദേഷ്യം നിയന്ത്രിക്കാനായില്ലെന്ന് മരിയ പറയുന്നു. "രാവിലെ 8 മണിക്ക് ഞാൻ റൂമിൽ കയറി. 'നിന്റെ കഥ നീ പറയുന്നോ, അതോ ഞാൻ പറയണോ?' എന്ന് ഞാൻ ചോദിച്ചു. നിരപരാധിയാണെന്ന് അവൻ വീണ്ടും പറഞ്ഞു. ഞാൻ നടന്ന് അവന്റെ അടുത്തെത്തി. അന്ന് അവന് നീണ്ട മുടിയുണ്ടായിരുന്നു.
ഞാന്‍ ഏഴുന്നേറ്റ് ചെന്ന് അവന്റെ കരണത്ത് അടിച്ചു, അവൻ കസേരയിൽ അൽപം പിന്നോട്ട് മറിഞ്ഞു. ഞാൻ അവന്റെ മുടിയിൽ പിടിച്ചുവലിച്ച് എഴുന്നേൽപ്പിച്ചു. 'മര്യാദയ്ക്ക് സംസാരിക്കാൻ ഉദ്ദേശമുണ്ടോ?' എന്ന് ചോദിച്ചു. അതോടെ അവൻ തനിച്ചു സംസാരിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് എല്ലാം ഏറ്റുപറഞ്ഞു. 'എനിക്ക് തെറ്റിപ്പോയി, ദയവായി അച്ഛനോട് പറയരുത്' എന്ന് അവൻ എന്നോട് അപേക്ഷിച്ചു," രാകേഷ് മരിയ ഓർത്തെടുത്തു. ആ ദിവസം വൈകുന്നേരം സുനിൽ ദത്ത്, രാകേഷ് മരിയയെ കാണാൻ വന്നു. ചലച്ചിത്ര പ്രവർത്തകരായ മഹേഷ് ഭട്ട്, രാജ് കപൂർ, യാഷ് ജോഹർ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
തന്റെ മകൻ നിരപരാധിയാണെന്ന് സുനിൽ ദത്ത് ആവർത്തിച്ചു. തുടർന്ന്, സഞ്ജയ് ദത്തിനെ മുറിയിലേക്ക് കൊണ്ടുവന്ന നിമിഷം രാകേഷ് മരിയ വിവരിച്ചു: 'സഞ്ജയ് ദത്ത് മുറിയിൽ കയറിയതും അച്ഛനെ കണ്ടതും കുട്ടിയെപ്പോലെ അലറിക്കരഞ്ഞു, നേരെ പോയി സുനിൽ ദത്തിന്റെ കാൽക്കൽ വീണ് 'അച്ഛാ, എനിക്ക് തെറ്റിപ്പോയി' എന്ന് പറഞ്ഞു. ഒരു അച്ഛനും ഈ അവസ്ഥ വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സുനിൽ ജിയുടെ മുഖം വിളറിപ്പോയി." നീണ്ട നിയമപോരാട്ടങ്ങൾക്കും ജയിൽവാസത്തിനും ശേഷം 2016-ൽ സഞ്ജയ് ദത്ത് ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങിയിരുന്നു.




