- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേര്‍പിരിയലിന് ശേഷം ഒരുമിച്ച് ഒരു സംഗീത നിശയില്‍ പങ്കെടുത്ത് ജി വി പ്രകാശും സൈന്ധവിയും; ഡിവോഴ്‌സ് എന്നത് ഒരു ബന്ധത്തിന്റെ അവസാനമല്ല, സൗഹൃദം വീണ്ടും തുടരാമെന്നതിന് തെളിവെന്ന് ആരാധകര്‍: വീഡിയോ വൈറല്‍
11 വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷം ഈ കഴിഞ്ഞ മെയ് മാസത്തിലാണ് സംഗീത സംവിധായകന്‍ ജി വി പ്രകാശ് കുമാറും ഗായിക സൈന്ധവിയും വേര്‍പിരിഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോഴിതാ മാസങ്ങള്‍ക്കിപ്പുറം ഒരു സംഗീത വേദിയില്‍ ഇരുവരും വീണ്ടും ഒന്നിച്ച് പങ്കെടുതത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇരുവരെയും ഒരുമിച്ച് കണ്ടത്തിന്റെ സന്തോഷത്തിലാണ് ആരാധകരും.
ജി വി പ്രകാശ് കുമാറിന്റെ നേതൃത്വത്തില്‍ മലേഷ്യയില്‍ നടന്ന സംഗീതനിശയിലാണ് അദ്ദേഹത്തിനൊപ്പം സൈന്ധവിയും പങ്കെടുത്തത്. ജി വി പ്രകാശ് കുമാര്‍ സംഗീതം പകര്‍ന്ന മയക്കം എന്ന എന്ന ചിത്രത്തിലെ പിറൈ തേടും എന്ന ഗാനമാണ് സൈന്ധവി ആലപിച്ചത്. പ്രകാശ് കുമാര്‍ ഈ ഗാനത്തിന് പിയാനോ വായിക്കുകയും ചെയ്തു. ഈ വേദിയില്‍ നിന്ന് ആരാധകര്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഇരുവരും ചേര്‍ന്ന് പുറത്തിറക്കിയ ഗാനങ്ങളില്‍ ഏറ്റവും ജനപ്രീതി നേടിയ ഒന്നാണ് പിറൈ തേടും. ഡിവോഴ്‌സ് എന്നത് ഒരു ബന്ധത്തിന്റെ അവസാനമല്ലെന്നും സൗഹൃദവും പരസ്പര ബഹുമാനവുമൊക്കെ പിന്നെയും തുടരാമെന്നതിന്റെയും തെളിവായാണ് ഇരുവരുടെയും ഒരുമിച്ചുള്ള വേദി പങ്കിടലിനെ ആരാധകരില്‍ ചിലര്‍ വിലയിരുത്തുന്നത്. ഈ പരിപാടിക്ക് മുന്നോടിയായി നടന്ന പരിശീലനത്തിനിടയില്‍ സൈന്ധവി മകളെ വേദിയിലുള്ള ജി.വി പ്രകാശിന് അടുത്തേക്ക് അയച്ചിരുന്നു. മകളെ ചേര്‍ത്തുപിടിച്ചാണ് ജി.വി പ്രകാശ് പാട്ട് പാടി നോക്കിയത്. ഇതിന്റെ വീഡിയോയും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കട്ടിക്കാലം മുതല്‍ അടുത്തറിയുന്നവരാണ് സൈന്ധവിയും ജി.വി പ്രകാശും. ഏറെക്കാലത്തെ പ്രണയത്തിന് ശേഷം ഇരുവരും 2013-ല്‍ വിവാഹിതരായി. 2020-ല്‍ ഇരുവര്‍ക്കും കുഞ്ഞ് പിറന്നു. അന്‍വി എന്നാണ് മകളുടെ പേര്.
'സുദീര്‍ഘമായ ആലോചനകള്‍ക്കിപ്പുറം, 11 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാന്‍ ഞാനും ജി വി പ്രകാശും ചേര്‍ന്ന് തീരുമാനിച്ചിരിക്കുന്നു. പരസ്പര ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് ഞങ്ങള്‍ ഇരുവരുടെയും മനസമാധാനവും ഉന്നമനവും ലക്ഷ്യമാക്കിയുള്ള തീരുമാനമാണ് ഇത്. ഏറെ വ്യക്തിപരമായ ഈ മാറ്റത്തിന്റെ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മനസിലാക്കാനും മാനിക്കാനും മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ഞങ്ങള്‍ അപേക്ഷിക്കുന്നു. പിരിയുകയാണെന്ന് തിരിച്ചറിയുമ്പോള്‍ത്തന്നെ ഇത് ഞങ്ങള്‍ക്ക് അന്യോന്യം എടുക്കാവുന്ന ഏറ്റവും മികച്ച തീരുമാനമാണെന്നും മനസിലാക്കുന്നു. പ്രയാസമേറിയ ഈ സമയത്ത് നിങ്ങളുടെ മനസിലാക്കലും പിന്തുണയും ഏറെ വലുതാണ്. നന്ദി', സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച കുറിപ്പില്‍ ഇരുവരും അറിയിച്ചിരുന്നു.
എ.ആര്‍ റഹ്‌മാന്റെ സഹോദരി എ.ആര്‍ റെയ്ഹാനയുടേയും ജി വെങ്കിടേഷിന്റേയും മകനാണ് ജി.വി പ്രകാശ്. ജെന്റില്‍മാന്‍ എന്ന ചിത്രത്തില്‍ എ.ആര്‍ റഹ്‌മാന്‍ ഈണമിട്ട പാട്ട് പാടിയാണ് സിനിമാരംഗത്തേക്കുള്ള വരവ്. പിന്നീട് സംഗീത സംവിധായകനായും നടനായും നിര്‍മാതാവായും തിളങ്ങി. കര്‍ണാടക സംഗീതജ്ഞ കൂടിയായ സൈന്ധവി 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കുന്നുണ്ട്. തമിഴില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചു. ജി.വി പ്രശാക് കുമാറിനൊപ്പവും നിരവധി പാട്ടുകള്‍ പാടിയിട്ടുണ്ട്.