വാഷിങ്ടണ്‍: ഇതിഹാസ അമേരിക്കന്‍ സംഗീത സംവിധായകന്‍ ക്വിന്‍സി ജോണ്‍സ് (90) അന്തരിച്ചു. ഞായറാഴ്ച രാത്രി കാലിഫോര്‍ണിയയിലെ ബെല്‍ എയറിലെ വസതിയിലാണ് ക്വിന്‍സി ജോണ്‍സിന്റെ മരണം. കുടുംബത്തിന് അവിശ്വസനീയമായ നഷ്ടമാണെന്നും അദ്ദേഹത്തെപ്പോലെ മറ്റൊരാള്‍ ഉണ്ടാവില്ലെന്നും കുടുംബം പ്രതികരിച്ചു.

പോപ് ചക്രവര്‍ത്തി മൈക്കിള്‍ ജാക്സന്റെ എക്കാലത്തേയും വലിയ ഹിറ്റ് ആല്‍ബമായ ത്രില്ലര്‍ നിര്‍മ്മിച്ചത് ക്വിന്‍സി ആയിരുന്നു. മൈക്കിള്‍ ജാക്സനൊപ്പം ബാഡ്, ഓഫി ദി വാള്‍ എന്നീ ആല്‍ബങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. മൈക്കിള്‍ ജാക്സന്റെ കരിയറിലെ നിര്‍ണായക സ്വാധീനായിരുന്നു ക്വിന്‍സി. ജാക്സന് പുറമേ ഫ്രാങ്ക് സിനാത്രക്കൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 78 വര്‍ഷം നീണ്ട ദീര്‍ഘമായ കരിയറില്‍ ക്വിന്‍സിയെ തേടി 28 ഗ്രാമികളെത്തിയിട്ടുണ്ട്. ക്വിന്‍സിയുടെ മരണം സ്ഥിരീകരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ പബ്ലിസിസ്റ്റ് രംഗത്തെത്തിയിട്ടുണ്ട്.

1990 ആറ് ഗ്രാമി അവാര്‍ഡുകള്‍ ജോണ്‍സ് നേടിയിരുന്നു. ബാക്ക് ഓണ്‍ ദി ബ്ലോക്ക് എന്ന ആല്‍ബത്തിലൂടെയായിരുന്നു ആ നേട്ടം സ്വന്തമാക്കിയത്. മൂന്ന് തവണ പ്രൊഡ്യൂസര്‍ ഓഫ് ദി ഇയര്‍ ബഹുമതി നേടിയിട്ടുണ്ട്. സിനിമാ സംഗീതത്തിലും അദ്ദേഹം സാന്നിധ്യം അറയിച്ചിട്ടുണ്ട്. ദി ഇറ്റാലിയന്‍ ജോബിന്റെ സൗണ്ട് ട്രാക്ക് ഒരുക്കിയത് ക്വിന്‍സി ജോണ്‍സ് ആയിരുന്നു. ഓസ്‌കാര്‍ നേടിയ ഇന്‍ ദ ഹീറ്റ് ഓഫ് ദ നൈറ്റിലും അദ്ദേഹമാണ് സ്‌കോര്‍ ഒരുക്കിയത്. മൈക്കല്‍ ജാക്സണുമൊന്നിച്ച് 1979ല്‍ സോളോ ആല്‍ബമായ ഓഫ് ദവാള്‍ നിര്‍മിച്ചതോടെയാണ് അദ്ദേഹം കൂടുതല്‍ ജനപ്രീതി നേടിയത്.

2001 ല്‍ ക്വിന്‍സിയുടെ ആത്മകഥ പുറത്തിറങ്ങിയിരുന്നു. ക്യു എന്ന പേരിലുള്ള ആത്മകഥയുടെ ഓഡിയോ പതിപ്പിന് 2002 ല്‍ മികച്ച സ്പോക്കണ്‍ വേഡ് ആല്‍ബത്തിനുള്ള ഗ്രാമി പുരസ്‌കാരവും ലഭിച്ചിരുന്നു. മൂന്ന് തവണ വിവാഹിതനായിട്ടുണ്ട് ക്വിന്‍സി. ഏഴ് മക്കളാണ് അദ്ദേഹത്തിനുള്ളത്. സംഗീത ലോകത്തിന് നികത്താനാകാത്ത വിടവാണ് ക്വിന്‍സിയുടേത്.