ഇസ്ലാമാബാദ്: പാക്കിസ്ഥാൻ അഭിനേതാക്കളുടെ കഴിവിനെ ബോളിവുഡ് താരങ്ങൾ ഭയപ്പെടുന്നതായി പാക് നടിയും ടെലിവിഷൻ അവതാരകയുമായ നദിയ ഖാൻ. രാഷ്ട്രീയ കാരണങ്ങൾ മാത്രമല്ല പാക്കിസ്ഥാൻ താരങ്ങളെ ഇന്ത്യൻ സിനിമകളിൽ നിന്ന് ഒഴിവാക്കിയതെന്നും പാക് താരങ്ങൾക്ക് ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന സ്വീകാര്യതയെ ഖാന്മാരും മറ്റുള്ളവരും ഭയപ്പെടുന്നുണ്ടെന്നും നടി കൂട്ടിച്ചേർത്തു.

ഒരു പാക് ടെലിവിഷൻ ഷോയിലാണ് നാദിയയുടെ വിവാദ പരാമർശം. നദിയ ഖാന്റെ വാക്കുകൾ വലിയ വിമർശനം ഉയർത്തിയിട്ടുണ്ട്. സൈബർ ലോകത്തെ അവർക്കെതിരെ പരിഹാസമാണ് ഉയരുന്നത്. ഇന്ത്യൻ ബോളിവുഡിന് മുന്നിൽ പാക് സിനിമ ഒന്നുമല്ലെന്നാണ് ഉയരുന്ന വിമർശനം.

'പാക് താരമായ ഫവാദ് ഖാനെ പോലുള്ളവർ ബോളിവുഡിൽ പ്രത്യക്ഷപ്പെട്ടതോടെ ഇന്ത്യൻ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടു. ഇത് ബോളിവുഡ് താരങ്ങളെ ഭയപ്പെടുത്തി. ഉറി ഭീകരാക്രമണം മറയായി വച്ച് രാഷ്ട്രീയ കാരണങ്ങൾ പറഞ്ഞ് പാക് താരങ്ങളെ ഇന്ത്യൻ സിനിമയിൽ അഭിനയിപ്പിക്കാതെയായി. രാഷ്ട്രീയ പ്രശ്നം മാത്രമല്ല വിലക്കിന് പിന്നിൽ. അവിടത്തെ താരങ്ങളുടെ ഗൂഢാലോചനയുടെ ഫലം കൂടിയാണ്. ഞങ്ങൾക്ക് ഇന്ത്യൻ സിനിമ കിട്ടാത്തതിൽ ഭയമൊന്നുമില്ല. പാക് താരങ്ങൾ വളരെ കഴിവുള്ളവരുമാണ്. അവർ കണ്ണുകൾ കൊണ്ടാണ് അഭിനയിക്കുന്നത് -നദിയ പറഞ്ഞു.

എന്നാൽ ഇന്ത്യൻ പ്രേക്ഷകർക്ക് പാക് താരങ്ങളോട് വലിയ സ്നേഹമാണ്. ഇത് അവിടത്തെ സൂപ്പർ താരങ്ങൾക്ക്, പ്രത്യേകിച്ച് ഖാന്മാർക്ക് പേടിയാണ്. പാക് താരങ്ങൾ ഇവിടെ വന്നു സിനിമ ചെയ്താൽ തങ്ങൾ എന്തു ചെയ്യും എന്നാണ് അവർ ചിന്തിക്കുന്നത്. കൂടാതെ ഇന്ത്യൻ ഷോകളുടെ പകുതി ചെലവിലാണ് പാക്കിസ്ഥാനിൽ ഷോകൾ ഒരുക്കുന്നത്. ഞങ്ങളുടെ കലാകാരന്മാർ ആവേശഭരിതരാണ്, അവരുടെ സൃഷ്ടികൾ ആഗോളതലത്തിൽ കാണണമെന്ന് അവർ ആഗ്രഹിക്കുന്നു. അവർ കഴിവുള്ളവരുമാണ്. കണ്ണുകൾ കൊണ്ടാണ് അഭിനയിക്കുന്നത്' -നദിയ കൂട്ടിച്ചേർത്തു.

2019ലെ പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാക് സിനിമ പ്രവർത്തകർക്ക് ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തിയത്. ഇന്ത്യൻ സിനിമകൾ നിരോധിച്ചത് പാക്കിസ്ഥാനിലെ തിയറ്റർ വ്യവസായത്തെ ബാധിച്ചതായും അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.