ചെന്നൈ: തെന്നിന്ത്യൻ സിനിമാ രംഗത്ത് ഗോസിപ്പുകൾക്ക് യാതൊരു കുറവും ഉണ്ടാകാറില്ല. പല നടിമാരും ഗർഭിണികളായെന്നും പോലും ഗോസിപ്പ് ഇറങ്ങാറുണ്ട്. അത്തരമൊര ഗോസിപ്പ് അടുത്തകാലത്ത് ഇറങ്ങിയത് നടി മീനയെ കുറച്ചാണ്. ഇപ്പോൾ ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മീനയുടെ മകൾ നൈനിക. അമ്മയേക്കുറിച്ച് വ്യാജ വാർത്ത എഴുതുന്നത് നിർത്തണം എന്നാണ് നൈനിക പറഞ്ഞത്. അമ്മ രണ്ടാമത് ഗർഭിണിയാണെന്നു വരെ വാർത്തകൾ വന്നു. അഭിനേത്രിയാണെങ്കിലും മനുഷ്യസ്ത്രീയാണെന്നും അമ്മയ്ക്കും വികാരമുണ്ടെന്നും താരപുത്രി പറഞ്ഞു.

സിനിമയിലെ മീനയുടെ 40 വർഷങ്ങൾ ആഘോഷിക്കുന്ന ചടങ്ങായിരുന്നു അത്. വളരെ അപ്രതീക്ഷിതമായാണ് നൈനികയുടെ സന്ദേശം എത്തിയത്. ഇത് കണ്ട് അത്ഭുതപ്പെടുന്ന മീനയേയും വിഡിയോയിൽ കാണാം. വ്യാജ വാർത്തകൾ പ്രചരിച്ചാലും അമ്മ മോശമായി പ്രതികരിക്കില്ലെന്നും എന്നാൽ അത് അമ്മയെ വേദനിപ്പിക്കുന്നുണ്ട് എന്നുമാണ് നൈനിക പറയുന്നത്.

നിരവധി ന്യൂസ് ചാനലുകൾ എന്റെ അമ്മയെ പറ്റി വ്യാജ വാർത്ത എഴുതിയിട്ടുണ്ട്. അമ്മ രണ്ടാമതും ഗർഭിണിയായിരുന്നെന്നാണ് ഒരു ചാനൽ പറഞ്ഞത്. എനിക്കത് തമാശയായി തോന്നി. എന്നാൽ ഇത്തരം നിരവധി വാർത്തകൾ വന്നതോടെ എനിക്കത് ഇഷ്ടമല്ലാതായി. എന്നെയോർത്ത് നിർത്തൂ. അമ്മ ഒരു നായികയായിരിക്കും. പക്ഷെ അമ്മയും ഒരു മനുഷ്യനാണ്. ആരെങ്കിലും നിങ്ങളോട് ഇങ്ങനെ ചെയ്താൽ വിഷമിക്കില്ലേ- നൈനിക ചോദിച്ചു.

അമ്മ എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും അമ്മയെ ഓർത്ത് താൻ വളരെയേറെ അഭിമാനിക്കുന്നുണ്ട്. അച്ഛന്റെ മരണശേഷം അമ്മ എത്രത്തോളം സങ്കടപ്പെടുന്നുണ്ടെന്ന് തനിക്കറിയാമെന്നും നൈനിക പറഞ്ഞു. അച്ഛന്റെ മരണത്തെ തുടർന്ന് അമ്മ ഡിപ്രസ്ഡ് ആയെന്നും തന്റെ മുന്നിൽ പലവട്ടം കരഞ്ഞെന്നുമാണ് നൈനിക പറയുന്നത്. കുട്ടിയായിരിക്കുമ്പോൾ അമ്മ എന്നെ നോക്കി. ഇനി താൻ അമ്മയെ നോക്കുമെന്നും താരപുത്രി കുട്ടിച്ചേർത്തു.

രജനീകാന്ത് ഉൾപ്പടെ വൻ താരനിരയെ സാക്ഷിയാക്കിക്കൊണ്ടായിരുന്നു നൈനികയുടെ പ്രതികരണം. കുഞ്ഞിന്റെ വാക്കുകൾ കേട്ട് പലരും കണ്ണു നിറയ്ക്കുന്നത് വിഡിയോയിൽ കാണാം. അമ്മയുടെ ഏറ്റവു ഇഷ്ടമുള്ള ജോഡി ആരാണ് എന്ന ചോദ്യത്തിന് രജനീകാന്ത് എന്നാണ് നൈനിക മറുപടി നൽകിയത്. എന്നാൽ അതിനേക്കാൾ മുകളിലാണ് അച്ഛന്റേയും അമ്മയുടേയും ജോഡിയെന്നും നൈനിക പറഞ്ഞു. അപ്രതീക്ഷിത മകളുടെ വാക്കുകൾ മീനയെ വികാരഭരിതയാക്കി. തനിക്ക് പറയാൻ വാക്കുകളില്ല എന്നാണ് മീന പ്രതികരിച്ചത്.