കൊച്ചി: പൃഥ്വിരാജും സംഗീത സംവിധായകൻ എ.ആർ റഹ്മാനും സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെന്ന് ആടുജീവിതം കഥയിലെ യഥാർഥ നായകൻ നജീബ്. ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം തിയറ്ററുകളിൽ കോടികൾ നേടി മുന്നേറുമ്പോൾ നജീബിന് പ്രതിഫലമായി എന്തു ലഭിച്ചുവെന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ നിന്ന് ഉയർന്നിരുന്നു. നജീബിന്റെ ജീവിതമാണ് ആടുജീവിതമെന്ന നോവലും പിന്നീട് സിനിമയുമായി മാറിയത്.

നജീബിന് എന്തു ലഭിച്ചു എന്ന ചോദ്യത്തിന് മറുപടിയുമായി നജീബ് വെളിപ്പെടുത്തൽ നടത്തി. 'പൃഥ്വിരാജും എ.ആർ റഹ്മാനും എനിക്ക് പൈസ തന്നു സഹായിച്ചിട്ടുണ്ട്. ഞാൻ ഇതുവരെ ആരോടും പൈസ ചോദിച്ചിട്ടില്ല. മാധ്യമങ്ങളും മറ്റുള്ള ചിലരുമാണ് ഈ പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കുന്നത്. 'നജീബിന് എന്തുകൊടുത്തു' എന്നാണ് ഇവർ ചോദിക്കുന്നത്. എന്തുകൊണ്ടാണ് ആളുകൾ ഇങ്ങനെയൊക്കെ പറയുന്നതെന്ന് ഞാൻ വിളിച്ചു ചോദിക്കുകയും ചെയ്തു.

ബ്ലെസി സാറിനും അതുപോലെ ശല്യമായതുകൊണ്ടാണ് അവർ അന്ന് അങ്ങനെ പറഞ്ഞത്. ഒരു കാരണവശാലും ഇത് പുറത്തറിയരുതെന്ന് എനിക്കു പൈസ തന്ന പൃഥ്വിരാജും റഹ്മാനും പറഞ്ഞിരുന്നു. അതുകൊണ്ട് ഇക്കാര്യം ഞാൻ ആരോടും പറഞ്ഞില്ല- നജീബ് ഒരു അഭിമുഖത്തിൽ പറഞ്ഞു.

മാർച്ച് 28ന് തിയറ്ററുകളിലെത്തിയ ആടുജീവിതം മികച്ച കളക്ഷൻ നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സാക്‌നിൽക്ക് പുറത്തുവിടുന്ന റിപ്പോർട്ട് പ്രകാരം ചിത്രത്തിന്റെ 20 ദിവസത്തെ ഇന്ത്യൻ കളക്ഷൻ 76.75 കോടിയാണ്. ആഗോളതലത്തിൽ 100 കോടി കടന്നിട്ടുണ്ട്.