'നാന്‍സി റാണി' സിനിമയുടെ പ്രമോഷന് നായിക അഹാന കൃഷ്ണ എത്താതിനെതിരെ സംവിധായകന്റെ ഭാര്യ. അന്തരിച്ച സംവിധായകന്‍ ജോസഫ് മനു ജെയിംസിന്റെ ഭാര്യ നൈന ആണ് പ്രസ് മീറ്റില്‍ അഹാനയ്ക്കെതിരെ സംസാരിച്ചത്. സിനിമ റിലീസിന് ഒരുങ്ങുന്ന വേളയില്‍ 2023 ഫെബ്രുവരി 25ന് ആയിരുന്നു ജോസഫ് മനുവിന്റെ വിയോഗം.

മഞ്ഞപ്പിത്തം ബാധിച്ചായിരുന്നു മരണം. കഴിഞ്ഞ ദിവസം നടന്ന സിനിമയുടെ പ്രസ് മീറ്റില്‍ സിനിമയിലെ മറ്റു താരങ്ങളായ അജു വര്‍ഗീസ്, സോഹന്‍ സീനു ലാല്‍, ദേവി അജിത്ത് എന്നിവര്‍ പങ്കെടുത്തിരുന്നു. തന്റെ ഭര്‍ത്താവും അഹാനയും തമ്മില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അതെല്ലാം നടന്നിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞെന്നും നൈന പറഞ്ഞു.

''അഹാനയോട് ഞാന്‍ സംസാരിച്ചിരുന്നു. പിആര്‍ഒ, പ്രൊഡക്ഷന്‍ ടീം എല്ലാവരും സംസാരിച്ചിരുന്നു. മനു ഉണ്ടായിരുന്ന സമയത്ത് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. പുള്ളിക്കാരി അതിപ്പോഴും മറന്നിട്ടുണ്ടാവില്ല. മൂന്ന് വര്‍ഷം കഴിഞ്ഞു. സ്വാഭാവികമായിട്ടും മാനുഷിക പരിഗണന എന്നുള്ളത് ഉണ്ടാവേണ്ടതാണ്. പ്രശ്നങ്ങള്‍ മറന്ന് സഹകരിക്കേണ്ടതാണ്. വരാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല.'

'പ്രതിസന്ധികള്‍ ഒരുപാട് ഉണ്ട്. അത് പുറത്തുപറയാന്‍ ഇപ്പോള്‍ കുറച്ച് ബുദ്ധിമുട്ടുണ്ട്. ഇപ്പോള്‍ നിശബ്ദയായി ഇരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. സിനിമയില്‍ പ്രധാന വേഷം ചെയ്യുന്ന ഒരു താരം മാര്‍ക്കറ്റിങിനോ പ്രമോഷനോ ഒന്നും സഹകരണമില്ലാതെ നില്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ഊഹിക്കാം. പ്രതിഫലമൊക്കെ മുഴുവന്‍ കൊടുത്തു തീര്‍ത്തതാണ്. എഗ്രിമെന്റിലും പ്രമോഷന് പങ്കെടുക്കണമെന്നുള്ളതാണ്.''

''അജു ചേട്ടന്‍ പറഞ്ഞതു പോലെ ഉന്തികേറ്റി വലിച്ചു വച്ച് മുഴച്ചു നില്‍ക്കുന്നതിനേക്കാളും നല്ലത് ഇങ്ങനെ തന്നെ പോകുന്നതാണ്. ഇല്ലാത്ത നഷ്ടം വരികയാണെങ്കില്‍ സ്വയം സഹിക്കുക. ഞങ്ങള്‍ക്കു കഴിയാവുന്നതിന്റെ അത്രത്തോളം അപേക്ഷിച്ചു. ഇതില്‍ കൂടുതല്‍ എങ്ങനെയാണ് ചെയ്യുക. ഇനി എന്തെങ്കിലും ഉണ്ടെന്നുണ്ടെങ്കില്‍ അതിന് മാപ്പ് പറയണമെങ്കില്‍ അതുവരെയും ചെയ്തിട്ടുള്ളതാണ്'' എന്നാണ് നൈന പറയുന്നത്.

അതേസമയം, മമ്മൂട്ടി ആരാധികയായ ഒരു സിനിമാ മോഹിയുടെ കഥ പറയുന്ന ചിത്രമാണ് നാന്‍സി റാണി. അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ്, സണ്ണി വെയ്ന്‍, ലാല്‍, ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ധ്രുവന്‍, ഇര്‍ഷാദ്, റോയി സെബാസ്റ്റ്യന്‍, മല്ലിക സുമാരന്‍, ലെന, മാല പാര്‍വതി, ദേവി അജിത്ത്, പോളി വില്‍സണ്‍, വിശാഖ് നായര്‍, അനീഷ് ജി മേനോന്‍, കോട്ടയം രമേശ്, സുധീര്‍ കരമന തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നത്.