കൊച്ചി: അച്ചുവിന്റെ അമ്മ എന്ന സിനിമയിലൂടെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച താരജോഡികളാണ് മീര ജാസ്മിനും നരേനും. പിന്നീടും ഇവർ നിരവധി സിനിമകളിൽ ഒരുമിച്ചു. അപ്പോഴൊക്കെ വിജയങ്ങളുമായി. ഇരുവരും ഏറ്റവുമൊടുവിൽ ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് ക്വീൻ ഓഫ് എലിസബത്ത്. സിനിമ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമയുടെ പ്രമോഷൻ പരിപാടികളുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു നരേനും മീര ജാസ്മിനും. ഓടിപ്പാഞ്ഞ് എല്ലായിടത്തും എത്തി അഭിമുഖങ്ങളിലും സ്റ്റേജ് പരിപാടികളിലും ടെലിവിഷൻ ഷോകളിലും എല്ലാം പങ്കെടുത്തു. പ്രമോഷനൊന്നും ഒരു കുറവും ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു പ്രമോഷൻ തിരക്കിനിടയിൽ എടുത്ത ഫോട്ടോ ആണ് ഇപ്പോൾ വൈറലാവുന്നത്.

തിരക്കിട്ട പ്രമോഷൻ പരിപാടിക്കിടയിൽ ഒരുങ്ങാൻ പോലും മീരയ്ക്ക് നേരമുണ്ടായിരുന്നില്ല എന്ന് തോന്നുന്നു. കാറിലിരുന്ന ലിപ്സ്റ്റിക് ഇടുന്ന മീരയ്ക്ക് കണ്ണാടി പിടിച്ചുകൊടുത്തത് നരേനാണ്. ആ ചിത്രം നടൻ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ആ ചിത്രത്തിലുണ്ട്, ഇരുവരുടെയും സൗഹൃദവും ഒരുമയും എത്രത്തോളമാണെന്ന്. ക്യൂട്, ലവ്ലി ചിത്രം എന്ന് പറഞ്ഞ് സോഷ്യൽമീഡിയ അതേറ്റെടുക്കുകയും ചെയ്തു.

'സിനിമയുടെ റിലീസിന് മുമ്പ് എലിസബത്ത് രാജ്ഞി തന്റെ അവസാന ടച്ച് അപ്പ് ചെയ്യുന്നു. മിസ്റ്റർ അലക്സ് അവളെ അനുഗമിക്കുന്നു. ക്വീൻ ഓഫ് എലിസബത്ത് ഇന്ന് തിയേറ്ററുകളിൽ.' എന്നാണ് ഫോട്ടോയ്ക്ക് നരേൻ നൽകിയിരിക്കുന്ന ക്യാപ്ഷൻ. എന്ത് തന്നെയായാലും സിനിമയ്ക്ക് നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. നല്ലൊരു ഫീൽഗുഡ് മൂവിയാണ് എന്ന കമന്റ് ഈ ചിത്രത്തിന് താഴെ തന്നെ വരുന്നുണ്ട്.