ബോളിവുഡ് നടി നര്‍ഗീസ് ഫഖ്രി വിവാഹിതയായി. കാമുകന്‍ ടോണി ബേഗ് ആണ് വരന്‍. ലോസ് ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. ലോസ് ആഞ്ജലീസില്‍ വച്ച് രഹസ്യമായാണ് നര്‍ഗീസും ടോണിയും വിവാഹിതരായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹവാര്‍ത്ത നര്‍ഗീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ചടങ്ങിലെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.

ഒരു വലിയ വെഡ്ഡിങ് കേക്കിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഹാപ്പി മാര്യേജ് എന്ന് എഴുതിയ കേക്കുല്‍ നര്‍ഗീസ് ഫഖ്രിയുടെ പേരിലെ 'എന്‍എഫ്' എന്ന അക്ഷരങ്ങളും ടോണി ബേഗിന്റെ 'ടിബി' എന്ന അക്ഷരങ്ങളും കുറിച്ചിട്ടുണ്ട്. ഈ അക്ഷരങ്ങള്‍ കുറിച്ചിട്ടുള്ള ബോര്‍ഡ് വച്ച ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.

കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തതെന്നും ചടങ്ങില്‍ ആരും ചിത്രങ്ങള്‍ പകര്‍ത്താന്‍ പാടില്ലെന്ന നിബന്ധന നര്‍ഗീസും ടോണിയും മുന്നോട്ടു വച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിവാഹശേഷം മധുവിധുവിനായി ഇരുവരും സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പുറപ്പെട്ടു. 2022ല്‍ ആണ് നര്‍ഗീസും ടോണിയും ഡേറ്റിങ് ആരംഭിക്കുന്നത്.

അതേസമയം, രണ്‍ബിര്‍ കപൂര്‍ ചിത്രം 'റോക്ക്സ്റ്റാറി'ലൂടെയാണ് നര്‍ഗീസ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. മേ തേരാ ഹീറോ, കിക്ക്, സ്പൈ, ഹൗസ്ഫുള്‍ 3 തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഹരിഹര വീരമല്ലു എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് നര്‍ഗീസ്. ഹൗസ്ഫുള്‍ 5 ആണ് നടിയുടെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.