നടി നിഖില വിമലിന്റെ തഗ്ഗ് കമ്മന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ ട്രെന്‍ഡിങ് ആകാറുണ്ട്. ചോദ്യങ്ങളോട് ഒഴിഞ്ഞു മാറാതെ അതെ നാണയത്തില്‍ മറുപടി പറയുക എന്നതാണ് നിഖിലയുടെ പതിവ് രീതി. ഇത് തഗ്ഗിന് വേണ്ടി പറയുന്നതല്ലെന്നും ജനിച്ചപ്പോള്‍ മുതലേ നിഖിലയുടെ സ്വഭാവം ഇങ്ങനെ തന്നെയാണെന്നും പറയുകയാണ് നസ്ലെന്‍. ഐ ആം കാതലന്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ ഭാഗമായി ജിന്‍ജര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

'ഒരിക്കലും തഗ്ഗിന് വേണ്ടി പറയുന്നതല്ല നിഖില. എനിക്ക് നിഖിലയെയും, അവരുടെ അമ്മയെയും ഫാമിലിയെയും വളരെ അടുത്ത് അറിയാവുന്നതാണ്. നിഖിലേച്ചിടെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട് ഇവള് ചെറുപ്പം മുതലേ ഇങ്ങനെയാണെന്ന്. ആ ക്യാരക്ടര്‍ ഇനി മാറ്റാന്‍ പറ്റില്ല. നിഖില എന്ന് പറയുന്ന വ്യക്തി അങ്ങനെയാണ്. അതൊരിക്കലും ഒരാളെ ഹേര്‍ട്ട് ചെയ്യാന്‍ പറയുന്നതല്ല. ഇങ്ങോട്ട് കിട്ടുന്നതായിരിക്കും തിരിച്ച് അങ്ങോട്ട് പോകുന്നത്. കാര്യങ്ങള്‍ സ്‌ട്രൈറ്റ് ആയാണ് പറയുന്നത്. അതൊരു നല്ല ക്വാളിറ്റി ആയാണ് എനിക്ക് തോന്നിയിട്ടുള്ളത്' നസ്ലെന്‍ പറഞ്ഞു.

അതേസമയം, ഗിരീഷ് എ ഡി സംവിധാനത്തിലൊരുങ്ങുന്ന ഐ ആം കാതലന്‍ ഈ മാസം ഏഴിനാണ് തിയേറ്ററുകളിലെത്തുന്നത്. ഇത് നാലാം തവണയാണ് ഗിരീഷ് എ ഡി - നസ്ലെന്‍ കൂട്ടുകെട്ട് വെള്ളിത്തിരയില്‍ ഒന്നിക്കുന്നത്. ഗിരീഷ് എ ഡി സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെയായിരുന്നു നസ്ലെന്‍ സിനിമ രംഗത്ത് സജീവമായത്. സൂപ്പര്‍ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങളാണ് ഇരുവരും ഒന്നിച്ച മറ്റു ചിത്രങ്ങള്‍. പൂമരം, എല്ലാം ശരിയാകും, ഓ മേരി ലൈല എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഡോ. പോള്‍സ് എന്റര്‍ടെയിന്മെന്റസിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ്, കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ പങ്കാളിയായി ഗോകുലം ഗോപാലനുമുണ്ട്.