കൊച്ചി: ഫോൺ ഗാലറിയിലെ ഒരു പഴയ ചിത്രം പങ്കുവെച്ച് വീണ്ടും സ്വയം ട്രോളി നടി നവ്യ നായർ. വിമാന യാത്രയ്ക്കിടെ പകർത്തിയ ചിത്രത്തോടൊപ്പം 'എവിടെ ആണോ എന്തോ.. തലയിൽ മുല്ലപ്പൂ ഇല്ലാത്തതുകൊണ്ട് ഓസ്ട്രേലിയ പോകുവല്ല… ഹാപ്പി മടി പിടിച്ച ഡേ' എന്നാണ് നവ്യ കുറിച്ചിരിക്കുന്നത്. ചിത്രം എപ്പോഴെടുത്തതാണെന്ന് ഓർക്കുന്നില്ലെന്നും നടി കൂട്ടിച്ചേർത്തു.

കഴിഞ്ഞ സെപ്റ്റംബറിൽ, ഓസ്ട്രേലിയയിലെ മെൽബൺ വിമാനത്താവളത്തിൽ തലയിൽ മുല്ലപ്പൂ ധരിച്ചെത്തിയതിന് തനിക്ക് ഒരു ലക്ഷം രൂപയിലേറെ പിഴയിട്ടിരുന്നുവെന്ന് നവ്യ നായർ വെളിപ്പെടുത്തിയിരുന്നു. 15 സെന്റീമീറ്റർ മുല്ലപ്പൂ കൈവശം വെച്ചതിനാണ് പിഴ ചുമത്തിയത്. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയിൽ പങ്കെടുക്കാനാണ് നവ്യ ഓസ്ട്രേലിയയിലെത്തിയത്.

പരിപാടിയിൽ സംസാരിക്കവേയാണ് വിമാനത്താവളത്തിൽ നേരിട്ട അനുഭവം നവ്യ പങ്കുവെച്ചത്. മുല്ലപ്പൂ കൊണ്ടുപോകാൻ പാടില്ലെന്ന നിയമം അറിയില്ലായിരുന്നുവെന്നും, എന്നാൽ അറിവില്ലായ്മ ഒഴിവുകഴിവല്ലെന്നും നടി സമ്മതിച്ചിരുന്നു. നവ്യ നായരിൽ നിന്ന് 1980 ഓസ്ട്രേലിയൻ ഡോളർ (ഏകദേശം ഒന്നേകാൽ ലക്ഷം ഇന്ത്യൻ രൂപ) ആണ് ഓസ്ട്രേലിയൻ കൃഷിവകുപ്പ് ഈടാക്കിയത്. ഈ സംഭവം ഓർത്തെടുത്താണ് ഇപ്പോൾ നവ്യയുടെ പുതിയ പോസ്റ്റ്.

നിരവധി പേരാണ് പോസ്റ്റിന് രസകരമായ കമന്റുകളുടെ രംഗത്തെത്തിയിരിക്കുന്നത്. 'മുല്ലപ്പൂവ് ഉണ്ടോ' എന്നായിരുന്നു ഒരാളുടെ സംശയം. 'എന്നെ ട്രോളാൻ എനിക്കൊരു പട്ടികുഞ്ഞിന്റെയും ആവശ്യമില്ല' എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. അതേസമയം, നവ്യ നായർ പ്രധാന വേഷത്തിലെത്തിയ 'പാതിരാത്രി' എന്ന ചിത്രം അടുത്തിടെയാണ് തിയറ്ററുകളിൽ എത്തിയത്. റത്തീന സംവിധാനം ചെയ്ത ചിത്രത്തിൽ സൗബിൻ ഷാഹിർ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ചിത്രത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് നവ്യ എത്തിയത്. എന്നാൽ ചിത്രം തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് നേടിയത്.