ചെന്നൈ: നടി നയന്‍താരയുടെ 41-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ആരാധകരും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് നയന്‍താരയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നത്. ഇപ്പോഴിതാ ഷാരൂഖ് ഖാനൊപ്പം ജവാനില്‍ അഭിനയിച്ചതിനേക്കുറിച്ച് നയന്‍താര പറഞ്ഞ വാക്കുകളാണ് ആരാധകരുടെ മനം കവരുന്നത്. അറ്റ്ലി സംവിധാനം ചെയ്ത ജവാനിലൂടെയാണ് നയന്‍താര ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചതും.

ഷാരുഖ് ഖാന്‍ കാരണമാണ് ജവാനില്‍ താന്‍ അഭിനയിച്ചതെന്ന് പറയുകയാണ് നയന്‍താര. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു താരം. 'ഷാരുഖ് സാറിനെ എനിക്ക് ഇഷ്ടമാണ് എന്ന ഒറ്റ കാരണം കൊണ്ടാണ് ഞാന്‍ ജവാന്‍ ചെയ്തത്. അദ്ദേഹം എന്നോട് സംസാരിച്ചു, എന്നെ വളരെയധികം കംഫര്‍ട്ടബിളാക്കി. കാരണം എന്റെ കരിയറില്‍ ആദ്യമായാണ് ഞാന്‍ ഹിന്ദി സിനിമയിലേക്ക് കടക്കുന്നത്.

ഷാരുഖ് സാറിനോട് എനിക്ക് ഒരുപാട് സ്‌നേഹവും ബഹുമാനവുമുണ്ട്. എനിക്ക് തോന്നുന്നു അദ്ദേഹത്തിന് വേണ്ടി മാത്രമാണ്, പിന്നെ അറ്റ്ലി എന്റെ സഹോദരനെപ്പോലെയാണ്. അദ്ദേഹത്തിന്റെ ആദ്യ സിനിമ മുതല്‍ ജവാന്‍ വരെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരുന്നു. ജവാന്‍ പൂര്‍ണമായും എന്റെ പ്രിയപ്പെട്ട ഷാരുഖ് സാറിനും അറ്റ്ലിയ്ക്കും വേണ്ടി ചെയ്ത സിനിമയായിരുന്നു'.- നയന്‍താര പറഞ്ഞു.