കൊച്ചി: മലയാളികളുടെ പ്രിയങ്കരിയാണ് നസ്രിയ നസീം. സിനിമയിൽ അത്ര സജീവമല്ലെങ്കിലും താരത്തിന്റെ ആരാധകരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല. സൈബറിടത്തിൽ അടക്കം സജീവമായിരുന്നു നടി. എന്തായാലും സോഷ്യൽ മീഡിയയിൽ ഏറെ സജീവമായി നിൽക്കുന്ന താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുക്കുന്നതായി ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം.

ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ സോഷ്യൽ മീഡിയയിൽ നിന്നും ഇടവേളയെടുക്കുകയാണ്. അതിനുള്ള സമയം. ഇവിടെ നിന്നു ലഭിക്കുന്ന നിങ്ങളുടെ സ്നേഹവും സന്ദേശങ്ങളും മിസ് ചെയ്യും. വൈകാതെ തിരിച്ചുവരാം. ഉറപ്പ്.- നസ്രിയ കുറിച്ചു.

ഫഹദ് ഫാസിലുമായുള്ള വിവാഹത്തിനുശേഷം സിനിമയിൽ അത്ര സജീവമല്ല നസ്രിയ. കഴിഞ്ഞ വർഷം റിലീസിന് എത്തിയ തെലുങ്ക് ചിത്രം 'അണ്ടേ സുന്ദരാനികി' ആയിരുന്നു നസ്രിയയുടേതായി അവസാനം പ്രദർശനത്തിന് എത്തിയത്.

ഫഹദ് ഫാസിൽ നായകനായി എത്തിയ ട്രാൻസ് ആയിരുന്നു താരത്തിന്റെ അവസാന മലയാള ചിത്രം. താരദമ്പതികളുടെ വിശേഷങ്ങളെല്ലാം ആരാധകർ അറിഞ്ഞിരുന്നത് നസ്രിയയുടെ ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു. എന്നാൽ താരം ഇടവേളയെടുക്കുന്നതോടെ വിശേഷങ്ങൾ എങ്ങനെ അറിയും എന്ന ആശങ്കയിലാണ് ആരാധകർ.