മുംബൈ: ക്രായേഷ്യന്‍ ഫുട്‌ബോള്‍ താരമായ പീറ്റര്‍ സ്ലിസ്‌കോവിച്ചുമായി ബോളിവുഡ് നടി നേഹ ശര്‍മ പ്രണയത്തില്‍. മുംബൈ നഗരത്തില്‍ ഇരുവരും കൈകള്‍ കോര്‍ത്തുപിടിച്ച് നടന്ന് പോകുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വൈറലായിരുന്നു. പീറ്ററും നേഹയും പ്രണയത്തിലാണെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂര്‍ എഫ്‌സി, ചെന്നൈയിന്‍ എഫ്‌സി ക്ലബ്ബുകള്‍ക്കു വേണ്ടി കളിച്ചിട്ടുള്ള താരമാണ് 33 വയസ്സുകാരനായ പീറ്റര്‍ സ്ലിസ്‌കോവിച്ച്. നിലവില്‍ താരം ഒരു ക്ലബ്ബിന്റെയും ഭാഗമല്ല.

2022 ല്‍ ചെന്നൈയിന്‍ എഫ്‌സിയുടെ ഭാഗമാകുന്നതിനാണ് ക്രൊയേഷ്യന്‍ താരം ആദ്യമായി ഇന്ത്യയിലെത്തുന്നത്. തൊട്ടടുത്ത സീസണില്‍ താരം ജംഷഡ്പൂര്‍ എഫ്‌സിയില്‍ ചേര്‍ന്നു. ജംഷഡ്പൂരിനായി 17 മത്സരങ്ങളില്‍നിന്ന് എട്ട് ഗോളുകളും നാല് അസിസ്റ്റുകളും പീറ്റര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ആദ്യം നോര്‍ത്ത് മാസിഡോണിയന്‍ ക്ലബ്ബായ ഗോസ്തിവറിന്റെ ഭാഗമായെങ്കിലും പിന്നീട് കരാര്‍ റദ്ദാക്കി.

പീറ്റര്‍ സ്ലിസ്‌കോവിച്ച് ക്രൊയേഷ്യയുടെ അണ്ടര്‍ 21 ടീമില്‍ കളിച്ചിട്ടുണ്ട്. ക്രൊയേഷ്യന്‍ സൂപ്പര്‍ താരങ്ങളായ ഇവാന്‍ പെരിസിച്ച്, മാറ്റിയോ കൊവാച്ചിച്ച്, ഇവാന്‍ റാക്കിട്ടിച്ച് തുടങ്ങിയവര്‍ക്കൊപ്പം കരിയര്‍ തുടങ്ങിയ താരമാണ് പീറ്റര്‍. ബോളിവുഡില്‍ ബാഡ് ന്യൂസ്, തുംബിന്‍, തന്‍ഹാജി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നേഹ, മലയാളം ചിത്രം സോളോയില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായും തിളങ്ങി.