പ്രേക്ഷകർ വലിയ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉണ്ണിമുകുന്ദൻ നായകാനായെത്തുന്ന 'മാർക്കോ'. പ്രഖ്യാപനം വന്നത് മുതൽ ചിത്ര ശ്രദ്ധ നേടി. മലയാളത്തിലെ മോസ്റ്റ് വലയന്റ ഫിലിം എന്ന വിശേഷണവുമായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്കെത്താൻ പോകുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുന്നേ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരുന്നു. 'മോസ്റ്റ് വയലന്റ് ഫിലിം' എന്ന ലേബലിനോട് നൂറ്റൊന്ന് ശതമാനം കൂറുപുലര്‍ത്തുന്ന ചിത്രമായിരിക്കും മാര്‍ക്കോ എന്ന് ഉറപ്പിക്കുന്നതായിരുന്നു ടീസര്‍.

ഇതോടെ പ്രേക്ഷകരിൽ ആവേശവും കാത്തിരിപ്പും ഉയർന്നിരിക്കുകയാണ്. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഷ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം മലയാളികൾക്കിടയിൽ സജീവ ചർച്ചയായി മാറി കഴിഞ്ഞു. നിലവിൽ റിലീസ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മാർക്കോയുടെ തീയറ്റർ ബുക്കിങ്ങുകൾ നടന്നു കൊണ്ടിരിക്കയാണ്. ഇതിന്റെ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ.

ഇതിനോടകം 200 സ്ക്രീനുകളാണ് ചിത്രത്തിനായി ഒരുങ്ങാൻ തയ്യാറായിരിക്കുന്നത്. കേരളത്തിലെ മാത്രം കണക്കാണിത്. കൂടുതൽ സ്ക്രീനുകളിലേക്കുള്ള ചർച്ചകളും നടന്നു കൊണ്ടിരിക്കയാണ്. കൂടുതൽ തീയേറ്ററുകൾ മാർക്കോക്കായി മുന്നോട്ട് വരുമെന്ന കാര്യത്തിലും സംശയമില്ല. എന്തായാലും കേരളത്തിൽ മാസ് റിലീസിനാണ് മാർക്കോ ഒരുങ്ങുന്നതെന്ന് ഉറപ്പാണ്. 100 ദിവസം കൊണ്ട് ഷൂട്ടിം​ഗ് പൂർത്തിയാക്കിയ മാർക്കോയുടെ ബജറ്റ് 30 കോടിയാണ്. ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണുള്ളത്.

5 ഭാഷകളിലാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിൽ ഏഴ് സംഘട്ടന രംഗങ്ങളാണുള്ളത്. 'മാർക്കോ'യിൽ ജ​ഗദീഷും സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ആണ് മാർക്കോ നിർമിക്കുന്നത്. ചിത്രം ക്രിസ്മസ് റിലീസായി തിയറ്ററിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്.